ഇന്‍സമാമിന്റെ കാഴ്ചയില്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച മൂന്ന് ലോകതാരങ്ങള്‍ ഇവരാണ്

കറാച്ചി: ലോക ക്രിക്കറ്റിനെ മാറ്റി മറിച്ച മൂന്ന് താരങ്ങളെ തെരഞ്ഞെടുത്ത് പാക് ക്രിക്കറ്റ് ടീം മുന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ശ്രീലങ്കന്‍ താരം സനത് ജയസൂര്യ, ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലേഴ്‌സ് എന്നിവരാണ് ഇവര്‍. ഇന്‍സമാമുല്‍ ഹഖിന്റെ പട്ടികയില്‍ ഇന്ത്യക്കാരന്‍ ഇടംപിടിച്ചിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പേസ് ബൗളര്‍മാരെ ബാറ്റ്‌സ്മാന്‍മാര്‍ ബാക്ക് ഫൂട്ടില്‍ മാത്രമായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ പേസ് ബൗളര്‍മാരെ എങ്ങനെ ഫ്രണ്ട് ഫൂട്ടില്‍ കളിക്കണമെന്ന് കാണിച്ചു തന്നത് റിച്ചാര്‍ഡ്‌സാണ്. പേസ് ബൗളര്‍മാരെയും ആക്രമിക്കാം എന്ന് കളിക്കാരെ പഠിപ്പിച്ചതും റിച്ചാര്‍ഡ്‌സായിരുന്നു. ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ കളിക്കാരിലൊരാളാണ് അദ്ദേഹമെന്നും ഇന്‍സമാം പറഞ്ഞു. വിന്‍ഡീസിനായി 121 ടെസ്റ്റുകള്‍ കളിച്ച റിച്ചാര്‍ഡ് 50.23 ശരാശരിയില്‍ 8540 റണ്‍സടിച്ചു. 187 ഏകദിനങ്ങളില്‍ നിന്ന് 47 റണ്‍സ് ശരാശരിയില്‍ 6721 റണ്‍സും റിച്ചാര്‍ഡ്‌സ് നേടി. 90.20 ആയിരുന്നു ഏകദിനങ്ങളില്‍ റിച്ചാര്‍ഡ്‌സിന്റെ സ്‌െ്രെടക്ക് റേറ്റ്.

ശ്രീലങ്കന്‍ മുന്‍ നായകനും ഓപ്പണറുമായിരുന്ന സനത് ജയസൂര്യയാണ് ക്രിക്കറ്റിനെ മാറ്റി മറിച്ച രണ്ടാമത്തെ താരമെന്ന് ഇന്‍സമാം പറഞ്ഞു. ഏകദിനങ്ങളില്‍ ആദ്യ 15 ഓവറില്‍ പേസ് ബൗളര്‍മാരെ ആക്രമിച്ചു കളിക്കാമെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്തത് ജയസൂര്യയാണ്. ജയസൂര്യക്ക് മുമ്പ് പേസ് ബൗളര്‍മാരെ ഉയര്‍ത്തി അടിക്കുന്നവരെ നല്ല ബാറ്റ്‌സ്മാനായല്ല കണ്ടിരുന്നത്.

എന്നാല്‍ ഏകദിന ക്രിക്കറ്റിനോടുള്ള കളിക്കാരുടെ മനോഭാവം തന്നെ മാറ്റി മറിച്ച കളിക്കാരനാണ് ജയസൂര്യയെന്നും ഇന്‍സമാം പറഞ്ഞു. ശ്രീലങ്കക്കായി 110 ടെസ്റ്റുകളില്‍ നിന്ന് 6973 റണ്‍സും 445 ഏകദിനങ്ങളില്‍ നിന്ന് 13430 റണ്‍സും ജയസൂര്യ നേടി. 1996ലെ ലോകകപ്പില്‍ ജയസൂര്യയും കലുവിതരണയും ചേര്‍ന്ന ഓപ്പണിംഗ് ജോഡിയാണ് ശ്രീലങ്കയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ക്രിക്കറ്റിനെ മാറ്റിമറിച്ച മൂന്നാമത്തെ താരം ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സാണെന്ന് ഇന്‍സമാം പറഞ്ഞു. ഏകദിനങ്ങളിലും ടി20യിലും ഇന്ന് കാണുന്ന അതിവേഗ ബാറ്റിംഗിന് പുതിയ മാനങ്ങള്‍ നല്‍കിയത് ഡിവില്ലിയേഴ്‌സാണ്. മുമ്പൊക്കെ ബാറ്റ്‌സ്മാന്‍ സ്‌ട്രെയിറ്റ് ബാറ്റുപയോഗിച്ചായിരുന്നു പന്ത് അടിച്ചിരുന്നത്. എന്നാല്‍ ഡിവില്ലിയേഴ്‌സ് വന്ന് പാഡില്‍ സ്വീപ്പും റിവേഴ്‌സ് സ്വീപ്പും എല്ലാം അവതരിപ്പിച്ചതോടെ ഇങ്ങനെയും കളിക്കാമെന്ന് ക്രിക്കറ്റ് ലോകത്തിന് മനസിലായി.

ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനങ്ങളില്‍ നിന്ന് 9577 റണ്‍സും 78 ടി20 മത്സരങ്ങളില്‍ നിന്ന് 1673 റണ്‍സും ഡിവില്ലിയേഴ്‌സ് നേടി. റിച്ചാര്‍ഡ്‌സിന്റെയും ജയസൂര്യയുടെയും ഡിവില്ലിയേഴ്‌സിന്റെയും ഏറ്റവും വലിയ ഗുണമെന്തായിരുന്നു എന്നുവെച്ചാല്‍ ഇവരെല്ലാം ശരിയായ ബാറ്റ്‌സ്മാന്‍മാരായിരുന്നുവെന്ന് ഇന്‍സമാം പറഞ്ഞു. മൂന്നുപേരെയും വ്യത്യസ്തരാക്കുന്ന മറ്റൊരു ഘടകം മാനസികമായി കരുത്തുള്ളവരും ഏത് തിരിച്ചടിയില്‍ നിന്നും കരകയറാന്‍ കഴിയുന്നവരും എന്നതായിരുന്നുവെന്നും ഇന്‍സമാം വ്യക്തമാക്കി.