ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍: ഏഴ് പേര്‍ കസ്റ്റഡിയില്‍

ഇരിക്കൂര്‍(കണ്ണൂര്‍): ബ്ലാത്തൂര്‍ പന്നിപ്പാറയില്‍ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ക്ക് തെളിവെടുക്കാനായില്ല. കല്യാട് ചെങ്കല്‍ ക്വാറി തൊഴിലായായ സ്വഹദേവി(45)നെയാണ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആസാമിലെ ദുബ്രി ജില്ലയില്‍ മോദിബറ വില്ലേജ് സ്വദേശിയാണ് സ്വഹദേവ്.

കൊല്ലപ്പെട്ട സ്വഹദേവ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ജോലിക്ക് പോയിരുന്നില്ല. സഹോദരനടക്കം ഏഴ് പേരാണ് വയലീവളപ്പില്‍ റുഖിയയുടെ തറവാട് വീട്ടില്‍ വാടകക്ക് താമസിക്കുന്നത്. ഇതില്‍ ആറ് പേര്‍ പതിവ് പോലെ ഇന്നലെ കാലത്ത് 5 മണിക്ക് പണിസ്ഥലത്തേക്കും ഒരാള്‍ നാട്ടിലേക്ക് പോകുന്നതിന് ട്രെയിന്‍ ടിക്കറ്റ് എടുക്കാനായി കണ്ണൂരിലേക്ക് പോകുകയും ചെയ്തിരുന്നു. കൂടെ താമസിക്കുന്ന ചെങ്കല്‍ ലോഡിങ്ങ് തൊഴിലാളികളായ മൂന്ന് പേര്‍ വൈകുന്നേരത്തോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് സ്വഹദേവ് രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഉടന്‍തന്നെ ഇവര്‍ തൊട്ടടുത്ത് താമസിക്കുന്ന വീട്ടുടമയുടെ വീട്ടില്‍ എത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. സംഭവം അറിഞ്ഞ് കൊല്ലപ്പെട്ട വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തി. കൂടെ താമസിക്കുന്ന ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് ഇരിക്കൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.
വിവരമറിഞ്ഞ് ഇരിട്ടി ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. ജോണ്‍, ഇരിക്കൂര്‍ എസ്.ഐ വി.വി.പ്രദീപ്, വി.എം.വിനോദ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നു കിമോ എന്ന പൊലീസ് നായയും വിരലടയാള വിദഗ്ധരും സംഭവം നടന്ന വാടക വീട്ടിലെത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം തിരിച്ചു പോയി. അന്വേഷണത്തിനായി ഇന്ന് വീണ്ടുമെത്തും.

 

SHARE