തട്ടിക്കൊണ്ടുപോകല്‍, പീഡനം; നിത്യാനന്ദക്കെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദക്കെതിരെ ഇന്റര്‍പോള്‍ നോട്ടിസ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍പ്പെട്ട നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടിസാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിത്യാനന്ദയെക്കുറിച്ച് സൂചന ലഭിക്കുന്ന ഏതു രാജ്യവും വിവരം കൈമാറണമെന്നാണ് നിര്‍ദേശം.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അലഹബാദിലെ ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചതിനു ഗുജറാത്ത്, കര്‍ണാടക പൊലീസ് നിത്യാനന്ദയ്‌ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആശ്രമത്തില്‍ നിന്നു രണ്ടു പെണ്‍കുട്ടികളെ കാണാതായതിനും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുജറാത്ത് പൊലീസിന്റെ അപേക്ഷപ്രകാരമാണ് ഇപ്പോള്‍ ഇന്റര്‍പോള്‍ നോട്ടിസ്.

നിത്യാനന്ദ ശാന്തസമുദ്രത്തില്‍ ഒരു തെക്കേ അമേരിക്കന്‍ ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നും കഴിഞ്ഞ മാസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൈലാസം എന്നു പേരിട്ട ദ്വീപ് ഹിന്ദു രാഷ്ട്രമാണെന്നും നിത്യാനന്ദ വെബ്‌സൈറ്റിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്വഡോര്‍ എംബസി ഇക്കാര്യം തള്ളുകയും അദ്ദേഹം കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്തിയിലേക്ക് കടന്നതായും അറിയിച്ചു.

നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ മാസം ഇന്ത്യ റദ്ദാക്കിയിരുന്നു. പുതിയ പാസ്‌പോര്‍ട്ടിനായി നിത്യാനന്ദ നല്‍കിയ അപേക്ഷ തള്ളിയതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിനു പിന്നാലെ തന്നെ ആര്‍ക്കും തന്നെ തൊടാനാകില്ലെന്ന് ഒരു വിഡിയോ സന്ദേശത്തില്‍ നിത്യാനന്ദ വെല്ലുവിളിച്ചിരുന്നു. നിങ്ങളോടു സത്യം പറയാന്‍ എനിക്കു സാധിക്കും. ഞാന്‍ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കതിരെ നടപടിയെടുക്കാനാക്കില്ല വിഡിയോയില്‍ നിത്യാനന്ദ പറയുന്നു. എന്നാല്‍ വിഡിയോ എവിടെവച്ചാണു ചിത്രീകരിച്ചതെന്നു വ്യക്തമല്ല.

SHARE