അസഹിഷ്ണുതയുടെ വാളായി സെന്‍സര്‍ബോര്‍ഡ് മാറുന്നു:കമല്‍

കോഴിക്കോട്: സെന്‍സര്‍ബോര്‍ഡ് അസഹിഷ്ണുതയുടെ വാളായി മാറുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. സെന്‍സര്‍ബോര്‍ഡിന്റെ വികലമായ നിയമങ്ങള്‍ സ്വതന്ത്രമായി സിനിമയെടുക്കുന്നതിന് പലപ്പോഴും തടസമാകുന്നു.
ഭരണകൂടത്തിനെതിരായോ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആനാചാരങ്ങള്‍ക്കെതിരെയോ ക്യാമറചലിപ്പിച്ചാല്‍ കടുത്ത സെന്‍സറിങിന് വിധേയമാക്കുന്നു. യാതൊരു യോഗ്യതയുമില്ലാത്തവരെയാണ് സെന്‍സര്‍ബോര്‍ഡിന്റെ തലപ്പത്ത് കൊണ്ടുവരുന്നതെന്നും കമല്‍ പറഞ്ഞു. കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ടാഗോര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കലാപ്രവര്‍ത്തനമെന്നത് പ്രതിരോധവും പ്രതിഷേധവുമാണ്. ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ കഴിയില്ലെന്നും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നോട്ട് പോകുകതന്നെ ചെയ്യുമെന്നും കമല്‍ കൂട്ടിചേര്‍ത്തു. ഫാസിസ്റ്റ് സമീപനങ്ങളില്‍ കൂടുതല്‍ ഇരയാകുന്നത് സിനിമാരംഗത്തുള്ളവരാണ്. അസഹിഷ്ണുത പലകാലങ്ങളിലുണ്ടായെങ്കിലും സമീപകാലത്ത് സമസ്തമേഖലയിലേക്കും പ്രവേശിച്ചിരിക്കുന്നു. ചലച്ചിത്രോത്സവവേദികള്‍ കൂട്ടായ്മകളുടെ ഇടമായി മാറണമെന്നും സമകാലിക പ്രശ്‌നങ്ങള്‍ ഇവിടെ ചര്‍ച്ചയാകണമെന്നും കമല്‍ അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമിക്ക് കീഴിലുള്ള ടൂറിംഗ് ടാക്കീസ് സംവിധാനം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ഉള്‍പ്പടെയുള്ള ജില്ലകളില്‍ അക്കാദമി മേഖലാ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ പുസ്തക പ്രകാശനം വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, ദീദി ദാമോദരന് നല്‍കി നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ വി.കെ ജോസഫ് ഏറ്റുവാങ്ങി. കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, ടി.വി ലളിതപ്രഭ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചെലവൂര്‍ വേണു, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, കെ.ജെ തോമസ് സംസാരിച്ചു.