ദമസ്‌കസ്: സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി യുഎസ് പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) വ്യക്തമാക്കി. സിറിയയിലെ ബഗൂസില്‍ ആയിരുന്നു ഐഎസ് ചെറുത്തു നിന്നത്. അവിടെയും മേധാവിത്വം സ്ഥാപിച്ചതായി എസ്ഡിഎഫ് വ്യക്തമാക്കി.
ഐഎസ് പിടിച്ചെടുത്ത 34,000 സ്‌ക്വയര്‍ മൈല്‍ പ്രദേശങ്ങള്‍ സേന പിടിച്ചെടുത്തതായി അവകാശപ്പെട്ടു. ലോകത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയ ഐഎസിന് നിലനില്‍പ്പ് അപകടത്തിലായതായി എസ്ഡിഎഫ് വ്യക്തമാക്കി. സിറിയയിലെ ഭീഷണി അവസാനിച്ചിരിക്കുകയാണ്.
ഐഎസ് ഭീഷണി അവസാനിച്ചതായി അവകാശപ്പെട്ട് യുഎസും രംഗത്തെത്തി. ഭീകരസംഘടനയായ ഐഎസിന് സിറിയയില്‍ ഒരു സ്ഥലത്ത് പോലും ആധിപത്യമില്ലെന്നും അവരെ 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്‌സ്. യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.
കഴിഞ്ഞ കുറേ ആഴ്ചകളായി ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് ബാഗൂസില്‍ എസ്ഡിഎഫ് പോരാടി വരികയായിരുന്നു. ഈ മേഖലയിലുള്ള തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടോ അതോ കീഴടങ്ങിയെന്നോ വ്യക്തമല്ല.സിറിയയിലെ ഐഎസിന്റെ അവസാന കേന്ദ്രമായ ബാഗൂസിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തെന്നും എന്നാലും പല പോക്കറ്റുകളിലും ഐഎസ് ഭീകരര്‍ തുടരുന്നുണ്ടെന്നും എസ്ഡിഎഫ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. നൈജീരിയ, യമന്‍, അഫ്ഗാനിസ്താന്‍, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ഐഎസ് ഭീഷണി നിലനില്‍ക്കുന്നു. സിറിയയിലെ ബഗൂസിലാണ് ഐഎസിനെ രാജ്യത്തിനു നിന്നും പുര്‍ണമായി തുടച്ചു നീക്കാനുള്ള അവസാന പോരാട്ടം നടന്നത്. മാര്‍ച്ച് ആദ്യവാരം മുതലാണ് യുഎസ് പിന്തുണയോടെ കുര്‍ദ് സേനയായ എസ്ഡിഎഫ് പോരാട്ടം ശക്തമാക്കിയത്. ഇതിനിടയില്‍ സിവിലിയന്മാരെ മുന്നില്‍ നിര്‍ത്തി ഐഎസ് ചെറുത്തു നിന്നതോടെ എസ്ഡിഎഫ് സേന പ്രതിരോധത്തിലായി.
സിവിലിയന്മാര്‍ക്ക് രക്ഷപെടാന്‍ പ്രത്യേക ഇടനാഴി ഒരുക്കിയാണ് എസ്ഡിഎഫ് പിന്നീട് തിരിച്ചടിച്ചത്. വ്യോമാക്രമണം രൂക്ഷമായ പ്രദേശത്തു നിന്നും ആയിരങ്ങളാണ് പലായനം ചെയ്തത്.