മംഗലാപുരത്ത് രണ്ട് പേരെയല്ല, എല്ലാവരേയും വെടിവച്ച് കൊല്ലണം; വര്‍ഗീയ ഭീഷണി തുടര്‍ന്ന് ബി.ജെ.പി എം.എല്‍.എ സോമശേഖര്‍ റെഡ്ഡി

ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ഭീഷണിയുമായി കര്‍ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.ല്‍.എ. മതാടിസ്ഥാനത്തിലുള്ള ശതമാന കണക്ക് എടുത്ത് പറഞ്ഞാണ് ബെല്ലാരി എം.എല്‍.എ സോമശേഖര്‍ റെഡ്ഡിയുടെ വിവാദ പ്രസ്താവന.

‘ഞങ്ങള്‍ 80%, നിങ്ങള്‍ വെറും 18%. ഭൂരിപക്ഷ സമുദായമായ ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാല്‍ പിന്നെ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ ഓര്‍ത്തോളൂ..’ വെള്ളിയാഴ്ച വടക്കന്‍ കര്‍ണാടകയിലെ ബെല്ലാരിയിലെ റാലിയില്‍ പങ്കെടുക്കുമ്പോഴാണ് സോമശേഖര്‍ റെഡ്ഡിയുടെ വര്‍ഗീയ പരാമര്‍ശം.

മംഗലാപുരത്ത് പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അനുകൂലിച്ചും എം.എല്‍.എ പ്രസംഗത്തില്‍ വര്‍ഗീയത തുപ്പി. പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്ന് ബിജെപി എം.എല്‍.എയുടെ വാദം.

മതപ്രശ്‌നമാക്കി മാറ്റുന്ന രീതിയില്‍ ഭൂരിപക്ഷത്തെ വിഭാഗത്തെ ഉണര്‍ത്തുന്ന പ്രസംഗമാണ് ബിജെപി എംഎല്‍എ നടത്തിയത്. ഭൂരിപക്ഷത്തെ വിഭാഗത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാല്‍ ഇപ്പോള്‍ സമരം ചെയ്യുന്ന കൂട്ടര്‍ ബാക്കിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുന്നവരുടെ സ്വത്ത് കത്തിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞു. പേരെടുത്തു പറയാതെയുള്ള പരാമര്‍ശങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെയാണെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 80 ശതമാനം ഹിന്ദുക്കളും 20 ശതമാനം മുസ്ലീംകളും എന്നു തന്നെയാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മുസ്ലീം ജനത തങ്ങളുടെ സ്വത്തുവകകള്‍ നശിപ്പിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കില്ലെന്നും സോമശേഖരറെഡ്ഡി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കൊണ്ടുവന്നത് മോദിയും അമിത് ഷായുമാണ്. നിങ്ങള്‍ ഈ നിയമങ്ങള്‍ക്കെതിരെ നിന്നാല്‍ അത് ശുഭകരമായിരിക്കില്ലെന്നും സോമശഖര്‍ റെഡ്ഡി ഭീഷണിപ്പെടുത്തി. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ റെഡ്ഡിയുടെ പ്രസ്താവനക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

പൗരത്വഭേദഗതിക്കെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജലീല്‍, നൗഷീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.