കളിയാക്കുന്നത് നിര്‍ത്തു; മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന് മോദി സര്‍ക്കാരിനോട് ശിവസേന

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച്, രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന ആവശ്യവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. പരിഹാസം ഒഴിവാക്കി രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രശ്‌നത്തില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോക്ടര്‍ മന്‍മോഹന്‍ സിങിന്റെ ഉപദേശം കേള്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് ്ശിവസേന ആവശ്യപ്പെട്ടത്. കശ്മീരും സാമ്പത്തിക തിരിച്ചടിയും വ്യത്യസ്ത വിഷയങ്ങളാണെന്നും സാമ്പത്തിക രംഗം സ്തംഭിച്ച നിലയിലാണെന്നും മുഖപത്രമായ സാംമ്‌നയുടെ മുഖപ്രസംഗം പറയുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥ ആശങ്കാജനകമെന്ന് മന്‍മോഹന്‍ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് അതിവേഗം വളരാനാവുമെന്നും മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ഇത് സാധിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായത് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ വന്‍ തിരിച്ചടിയായെന്നും ജി.എസ്.ടി വികലമായി നടപ്പിലാക്കിയതും സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ കുടിപ്പക മാറ്റിവച്ച് പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാന്‍ വിദഗ്ധരുടെ വാക്കുകള്‍ കേള്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് രാഷ്ട്രീയവും കളിയാക്കലും മാറ്റിവെച്ച് മന്‍മോഹന്‍ സിങ് കേള്‍ക്കാന്‍ ബിജെപി തയ്യാറാവണമെന്ന് ശിവസേന ആവശ്യപ്പെട്ടത്.