ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെച്ച യുവാവ് പിടിയില്‍

ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുകയും നഗ്‌നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസ്(19) ആണ് പിടിയിലായത്.

ഇന്‍സ്റ്റാഗ്രാമിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് അശ്ലീല കമന്റും പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാഗ്രാം ലിങ്കും ചേര്‍ത്ത് പങ്കുവെക്കുകയാണ് ഇയാള്‍ ചെയ്തത്. ഇയാള്‍ക്ക് അഞ്ച് വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണുള്ളത്. ഈ ചിത്രങ്ങള്‍ സ്‌റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെണ്‍കുട്ടികളെ അറിയിക്കും. ചിത്രം നീക്കം ചെയ്യണമെങ്കില്‍ അശ്ലീല സംഭാഷണം നടത്താന്‍ പ്രേരിപ്പിക്കുകയും നഗ്‌ന ചിത്രങ്ങള്‍ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും.

സംഭവുമായി ബന്ധപ്പെട്ട് നടക്കാവ്, ബാലുശ്ശേരി പോലീസ് സ്‌റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. ഏപ്രില്‍ മൂന്നിന് ഇമെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച സൈബര്‍ ഡോം നടക്കാവ് പോലീസ് സ്‌റ്റേഷനുമായി ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

SHARE