വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ എടുക്കേണ്ട ശ്രദ്ധയും മുന്‍കരുതലുകളും

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

  • 1. വീടുകള്‍ വൃത്തിയാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം മാത്രമേ മെയിന്‍ സ്വിച്ച് ഓണാക്കാന്‍ പാടുളളൂ. മീറ്റര്‍ ബോര്‍ഡ്, മെയിന്‍ സ്വിച്ച്, ഫ്യൂസുകള്‍, ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡുകള്‍, എന്നിവ തുറന്ന് പരിശോധിച്ച് വെളളം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. വീടുകളിലേയും സ്ഥാപനങ്ങളിലേയും മെയിന്‍ സ്വിച്ചും തുടര്‍ന്നുളള വയറിംങ്ങും, ഉപകരണങ്ങളും ലൈസന്‍സുളള ഇലക്ട്രിക്കല്‍ കോണ്‍ട്രോക്ടറുടെ സഹായത്തോടെ പരിശോധിച്ച് അപകടരഹിതമാണെന്നു ഉറുപ്പുവരുത്തണം.
  • 2. വൈദ്യുതി മീറ്ററിലും കട്ടൗട്ടിലും തകരാര്‍ ഉണ്ടെങ്കില്‍ കെ.എസ്.ഇ.ബി ലിമിറ്റഡിലെ ഇലക്ട്രിക്കല്‍ സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്.
  • 3. വെളളത്തില്‍ മുങ്ങിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ അതിന്റെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട് ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് ടെസ്റ്റുകള്‍ ഉള്‍പ്പെടെ ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം മാത്രമേ ചാര്‍ജ്ജ് ചെയ്യാവൂ.
  • 4. വൈദ്യുത പാനലുകളില്‍ വെളളം കയറിയിട്ടുണ്ടെങ്കില്‍ പാനലുകള്‍ വൃത്തിയാക്കി ഇന്‍സുലേഷന്‍ റസിസ്റ്റന്‍സ് ഉള്‍പ്പെടെ പരിശോധിച്ച് അപകടകരമല്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പാനലുകള്‍ ഓണ്‍ ചെയ്യാവൂ.
  • 5. മണ്ണിടിച്ചിലിനേയും സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള മണ്ണുമാന്തികള്‍ പോലുളള ഉപകരണങ്ങളുടേയും പ്രവര്‍ത്തനഫലമായി ഭൂഗര്‍ഭ കേബിളുകള്‍ക്കും എര്‍ത്തിംങ്ങ് സംവിധാനത്തിനും കേടുപറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അപകടരഹിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. എര്‍ത്തിങ്ങ് സംവിധാനം ശരിയായ രീതിയിലാണോയെന്നും എര്‍ത്തി കമ്പിയില്‍ പൊട്ടലുകള്‍ ഇല്ല എന്നും ഉറപ്പ് വരുത്തണം.
  • 6. വെളളക്കെട്ടുളള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി പ്രവഹിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. റോഡിന്റെ വശങ്ങളിലുളള കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ട്രാന്‍സ്‌ഫോര്‍മര്‍, സ്റ്റേ വയര്‍, ഇരുമ്പ് പോസ്റ്റ്, ഫ്യൂസുകള്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക. ഇവയില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടാല്‍ തൊട്ടടുത്തുളള കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
  • 7. സ്വന്തമായി ട്രാന്‍സ്‌ഫോമര്‍ ജനറേറ്റര്‍ മുതലായവ സ്ഥാപിച്ചിട്ടുളള ബഹുനില കെട്ടിടങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രിയില്‍ മുതലായ സ്ഥലങ്ങളില്‍ ഇവയെ വെളളപ്പൊക്കം ബാധിച്ചിടുണ്ടെങ്കില്‍ അതിന്റെ നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടത്തി അപകടരഹിതമാണെന്ന് ഉറുപ്പുവരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ.
  • 8. വീടുകളിലും സ്ഥാപനങ്ങളിലും നിലവില്‍ എര്‍ത്ത് ലീക്കേജ് സംരക്ഷണ സംവിധാനങ്ങള്‍ (ELCB, RCCB, RCBO, ELR) സ്ഥാപിക്കാത്തവര്‍ സ്ഥാപിക്കേണ്ടതാണ്.