‘നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിട്ടെന്ന് വരും ‘; നടിമാരെക്കുറിച്ചുള്ള ഇന്നസെന്റിന്റെ പരാമര്‍ശം വിവാദത്തില്‍

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുമ്പോള്‍ നടിമാര്‍ക്കെതിരെ മോശം പരാമര്‍ശവുമായി ഇന്നസെന്റ്. സിനിമാ മേഖലയിലെ നടിമാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു ഇന്നസെന്റിന്റെ ആക്ഷേപം. ഇത് വിവാദമായിരിക്കുകയാണിപ്പോള്‍.

മലയാള സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കണമെന്ന് നേരത്തെ നടി പാര്‍വ്വതി വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

‘ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കേട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’ എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്. നടിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഈ മറുപടിയിപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു.

നടിമാരോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചോദിക്കുന്നത് അവരുടെ കടമപോലെയാണെന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട് നടന്‍മാരും സംവിധായകന്‍മാരും ആവശ്യപ്പെടും. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നതെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.