ഭാവനയുടെ വിവാഹത്തിന് ക്ഷണമില്ല; ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റിന്റെ പ്രതികരണം

തിങ്കളാഴ്ച്ചയായിരുന്നു പ്രശസ്ത നടി ഭാവനയും തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം. സിനിമാമേഖലയില്‍ നിന്ന് ഒട്ടേറെ പേര്‍ പങ്കെടുത്ത വിവാഹചടങ്ങില്‍ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികള്‍ക്കൊന്നും ക്ഷണമുണ്ടായിരുന്നില്ല. വിവാഹ വിരുന്ന് ചടങ്ങിലും ഇന്നസെന്റ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അസാന്നിദ്ധ്യം ചര്‍ച്ചയാവുകയും ചെയ്തു. അതിനിടെ ഭാവന വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്ന് അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്് പറഞ്ഞു. ‘വിവാഹത്തിനു തന്നെ ക്ഷണിച്ചില്ല. ക്ഷണിക്കാത്തതില്‍ തനിക്കു പരാതിയോ പരിഭവമോ ഇല്ലെന്നും ക്ഷണിക്കാത്തതിനു പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ എന്നറിയില്ല’.ഇന്നസെന്റ് പറഞ്ഞു. അമ്മയുടെ ഭാരവാഹികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. വിവാഹസല്‍ക്കാരത്തില്‍ മഞ്ജുവാര്യര്‍, രമ്യനമ്പീശന്‍, നസ്‌റിയ നസീം, ജയറാം, പാര്‍വ്വതി, കാളിദായന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഭാമ തുടങ്ങി ഒട്ടേറെ താരങ്ങള്‍ പങ്കെടുത്തിരുന്നു.

ഭാവനയുടെ വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ അമ്മ പിന്തുണക്കുന്ന നിലപാടായിരുന്നില്ല എടുത്തിരുന്നത്. മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു തുടങ്ങിയവരെ വിവാഹക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നില്‍ ഇതാണെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.