‘രാജിവെക്കില്ല; മാധ്യമങ്ങളോട് മാപ്പു ചോദിക്കുന്നു’; പ്രചാരണങ്ങള്‍ക്ക് ഇന്നസെന്റിന്റെ മറുപടി

തൃശൂര്‍: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന വിശദീകരണവുമായി ഇന്നസെന്റ്. സംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ഇന്നസെന്റ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കത്ത് തന്നെ വേദനിപ്പിച്ചെന്നും ഇത്തരത്തില്‍ കടുപ്പിച്ച പറയേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മ പിരിച്ചുവിടണമെന്നായിരുന്നു ഗണേഷിന്റെ കത്തിലുണ്ടായിരുന്നത്.

മുകേഷിന്റേയും ഗണേഷിന്റേയും പെരുമാറ്റത്തില്‍ ഇന്നസെന്റ് ഖേദം പ്രകടിപ്പിച്ചു. പെരുമാറ്റത്തില്‍ മാപ്പ് ചോദിക്കുന്നു. ആവേശംകൊണ്ടായിരുന്നു അവരുടെ പെരുമാറ്റം. വേണമെങ്കില്‍ പ്രകോപിതരാവുന്ന അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കാമായിരുന്നു. എന്നാല്‍ ആ സമയത്ത് താനും ശ്രദ്ധിക്കാതെ പോയി. ഇരുവരുടേയും പെരുമാറ്റം തന്റെ പ്രതിച്ഛായയെപോലും മോശമായി ബാധിച്ചു. മറ്റു അംഗങ്ങള്‍ കൂക്കിവിളിച്ചതും തെറ്റായിപ്പോയെന്നും അതിന് മാധ്യമങ്ങളോട് മാപ്പു ചോദിക്കുകയാണെന്നും ഇന്നസെന്റ് അറിയിച്ചു.

അമ്മയെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാണ്. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. മിടുക്കികളായ സ്ത്രീകള്‍ വന്നാല്‍ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ ജനം തെറ്റിദ്ധരിച്ചു. ചിലരുടെ പ്രസ്താവനകള്‍ അതിന് കാരണമായെന്ന് പറഞ്ഞ ഇന്നസെന്റ് സംഘടനയില്‍ പുരുഷമേധാവിത്വമില്ലെന്ന് പറഞ്ഞു.