‘ദിലീപേ വല്ലതുമുണ്ടോ’?; വിശദീകരണം ചോദിച്ചുവെന്ന് ഇന്നസെന്റ്

തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനോട് വ്യക്തിപരമായി വിശദീകരണം ചോദിച്ചുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇന്നലെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇതിനെക്കുറിച്ച് സംസാരിച്ചത്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം.

ഇന്നലേയും കൂടി ദിലീപ് തന്നെ വിളിച്ചിരുന്നു. എടാ ദിലീപേ വല്ലതുമുണ്ടോടായെന്ന് താന്‍ ചോദിച്ചു. ഇല്ല ഏട്ടാ, ഒന്നുമില്ലെന്നായിരുന്നു ദിലീപിന്റെ മറുപടിയെന്ന് ഇന്നസെന്റ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ സംഘടന. നടിയുടെ പേര് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് പറയുന്നതിന് നിയമം വിലക്കിയിട്ടുള്ളതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം.

അമ്മയെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാണ്. പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല. മിടുക്കികളായ സ്ത്രീകള്‍ വന്നാല്‍ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.