ടിക്കറ്റ് സൗജന്യമാണെങ്കില്‍ പാക്കിസ്താനില്‍ പോകാം; ഇന്നസെന്റ് എം.പി

ബിജെപിക്കെതിരെ നടനും എംപിയുമായ ഇന്നസെന്റ്. ബിജെപി സൗജന്യ ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകന്‍ കമലിനോട് പാക്കിസ്താനിലേക്ക് പോകാന്‍ ബി.ജെ.പി പറഞ്ഞ സാഹചര്യത്തിലാണ് ബിജെപിക്ക് വിമര്‍ശനവുമായി ഇന്നസെന്റ് എത്തിയിരിക്കുന്നത്.

എം.ടിയോടും കമലിനോടുമുളള അസഹിഷ്ണുത ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. എല്‍.കെ അദ്വാനി അടക്കമുളളവര്‍ ജനിച്ചതും പഠിച്ചതും പാകിസ്താനിലാണെന്ന് മറക്കരുത്. അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയുന്നത് വിവരമില്ലായ്മയാണ്. പാകിസ്താന്‍ നരകമാണെന്ന് കരുതുന്നില്ല. അവിടെയുള്ളവര്‍ നമ്മുടെ സഹോദരങ്ങളാണ്. എതിര്‍പ്പുളളവരുടെ വീടിന് മുന്നില്‍പോയി പാടാനുളതല്ല ദേശീയഗാനമെന്നും എം.പി പറഞ്ഞു.

ക്രിസ്ത്യാനി ആയതിനാല്‍ തന്നോട് ആരും പാകിസ്താനില്‍ പോകാന്‍ പറയില്ലെന്നാണ് വിശ്വാസം. ഇംഗ്ലണ്ടിലേക്ക് പോകണമെന്ന് ആര്‍ക്കെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ ടിക്കറ്റെടുത്ത് നല്‍കിയാല്‍ അതിനും തയ്യാറാണെന്ന് ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

SHARE