ദുബൈയില്‍ പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു


ദുബൈയില്‍ പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയന്‍ (22) വള്ളക്കടവ് ശ്രീചിത്തിര നഗര്‍ സ്വദേശി വിനീത് അയ്യപ്പന്‍ (31) എന്നിവരാണ് മരിച്ചത്. താമസിക്കുന്ന മുറിയില്‍ പാചകത്തിന് ഉപയോഗിച്ച വിറകില്‍ നിന്ന് ഉയര്‍ന്ന പുകശ്വസിച്ചാണ് മരണം.

ദുബൈയിലെ സത്വയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇവര്‍ താമസിച്ചിരുന്ന വില്ലയിലെ മുറിയില്‍ ബാര്‍ബിക്യു പാകം ചെയ്യാനായി വിറക് കത്തിച്ചിരുന്നു. തീ പൂര്‍ണമായും അണക്കാതെ മുറിയില്‍ കിടന്നുറങ്ങിയ രണ്ടുപേരും പുക ശ്വസിച്ച് മരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കല്ലറക്കോണം പകല്‍കുറി ചാരുവിള പുത്തന്‍വീട്ടില്‍ ഉദയന്‍ തുളസി ദമ്പതികളുടെ മകനാണ് ഉണ്ണി.

തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം വള്ളക്കടവ് ശ്രീചിത്തിര നഗറില്‍ ടിസി 34/1134ല്‍ അയ്യപ്പന്‍നായരുടെയും പുഷ്പലത തങ്കമ്മയുടെയും മകനാണ് വിനീത്. ഭാര്യ: നിഷ ആന്റണി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

SHARE