മാതാവും പിതാവും ഹോം ക്വാറന്റീനില്‍; ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കൂറ്റനാട്: ചാലിശ്ശേരി മുക്കിലപീടികയില്‍ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. മണാട്ട് മന്‍സിലില്‍ മുഹമ്മദ് സാദിഖ്-ലിയാന ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് നിസാന്‍ ആണ് മരിച്ചത്. കുട്ടിയുടെ മാതാവും പിതാവും ക്വാറന്റൈനില്‍ കഴിയവെയാണ് ദുരന്തം. ശനിയാഴ്ച രാത്രി പത്തു മണിയോടെ കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന്് നടത്തിയ തെരച്ചിലിലാണ് ബക്കറ്റിലുണ്ടായിരുന്ന വെള്ളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്.

ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുഞ്ഞിന്റെ പിതൃസഹോദരന്‍ ഇന്‍ഡോറില്‍ നിന്നെത്തി കോവിഡ് രോഗബാധിതനായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ പിതാവും ഇയാളുടെ കൂടെ വന്നിരുന്നു.

കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ അത്യാഹിത വിഭാഗം മുന്‍കരുതല്‍ എന്ന നിലയില്‍ അടച്ചു. അഞ്ചു പേരെ ക്വാറന്റൈനിലാക്കി. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റു മോര്‍ട്ടത്തിനുമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ചാലിശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

SHARE