ആയൂര്‍: ഹെല്‍മറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെണ്‍കുട്ടിക്കെതിരെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്ക് പെണ്‍കുട്ടി ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മോട്ടര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും 20,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
ഗിയര്‍ ഇല്ലാത്ത സ്കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സാണ് പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി. ഇതുപയോഗിച്ചു ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേര്‍ത്താണ് 20,500 രൂപ പിഴ ചുമത്തിയത്.