കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ

ന്യൂഡല്‍ഹി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ കെ.എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ നല്‍കി. ഐകകണ്‌ഠ്യേനയാണ് ഇതുസംബന്ധിച്ച തീരുമാനം കൊളീജിയം കൈക്കൊണ്ടത്. അഞ്ച് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സ്ഥിരം ചീഫ് ജസ്റ്റിസുമാരാക്കാനും കൊളീജിയം തീരുമാനിച്ചു.
1958 ജൂണ്‍ 17ന് കെ.കെ മാത്യു-അമ്മിണി തരകന്‍ ദമ്പതികളുടെ മകനായിട്ടായിരുന്നു ജസ്റ്റിസ് ജോസഫിന്റെ ജനനം. ഡല്‍ഹി, കൊച്ചി കേന്ദ്രീയ വിദ്യാലയങ്ങളില്‍നിന്നും മദ്രാസിലെ ലയോള കോളജില്‍നിന്നും കൊച്ചി ഗവണ്‍മെന്റ് ലോ കോളജില്‍നിന്നുമായി പഠനം പൂര്‍ത്തിയാക്കി. 1982ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2004ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. ഒമ്പതു വര്‍ഷം ഇവിടെ സേവനം തുടര്‍ന്നു. 2014ല്‍ നൈനിറ്റാള്‍ ഹൈക്കോടതിയില്‍ ഉത്തരാഖണ്ഡിന്റെ ഒമ്പതാമത് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു.
അഭിഭാഷക വൃത്തിയില്‍നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമനം ലഭിക്കുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര. 30 വര്‍ഷമായി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ദു മല്‍ഹോത്ര, മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുന്ന രണ്ടാമത്തെ വനിത കൂടിയാണ.്