ഇന്‍ഡോര്‍: കോവിഡ് വൈറസ് രാജ്യത്ത് ഏറ്റവും കൂടുല്‍ ബാധിച്ചത് ദരിദ്രരെയും ദുര്‍ബലരെയുമാണ്. അവരുടെ ജീവിതോപാധിയെയും. തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ പലരും പഴം-പച്ചക്കറി വില്‍പ്പനക്കാരനായി മാറി. കുടുംബത്തെ പുലര്‍ത്താനായി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് അധികാരികള്‍ ഉണ്ടാക്കുന്ന ദ്രോഹം ചെറുതല്ല. അത്തരത്തിലുള്ള ഒരു സംഭവമാണ് മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ അരങ്ങേറിയത്.
മുട്ടവില്‍പന നടത്തുകയായിരുന്ന 14കാരന്റെ ഉന്തുവണ്ടി 100 രൂപ കൈക്കൂലി നല്‍കാത്തതിന് ഒരു പൊലീസുകാരന് മറിച്ചിടുകയായിരുന്നു. റോഡില്‍ നിന്ന് ഉന്തുവണ്ടി മാറ്റണമെന്നും അല്ലെങ്കില്‍ 100 രൂപ തരണമെന്നുമായിരുന്നു പൊലീസുകാരുടെ ആവശ്യം. എന്നാല്‍, കൈക്കൂലി നല്കാന് തയാറാകാതിരുന്നതോടെ പൊലീസ് വണ്ടി മറിച്ചിട്ടു. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളൂടെ വ്യാപകമായി പ്രചരിച്ചതോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കുട്ടിക്ക് പുതിയ വാഹനം നല്‍കുമെന്നും തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അധികൃതര്‍ പ്രഖ്യാപിച്ച ഇടത്-വലത് നയം പ്രാദേശിക തലത്തില്‍ വന്‍ എതിര്‍പ്പാണ് ഉണ്ടാക്കിയിട്ടുളളത്. വലത് വശത്തെ കടകള്‍ ഒരു ദിവസവും ഇടത് ഭാഗത്തേത് മറ്റൊരു ദിവസുമായി ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാനായിരുന്നു നിര്‍ദ്ദേശം. തീരുമാനത്തിനെതിരെ പ്രാദേശിക ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.