എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും പ്രതിസന്ധി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ഫ്‌ളൈറ്റ്‌റഡാര്‍ 24 നല്‍കുന്ന വിവരങ്ങള്‍ പറയുന്നു. ഒരു ഓണ്‍ലൈനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് ഒരു മണിക്കൂര്‍ നാല്‍പത് മിനുറ്റ് മുമ്പാണ് സംഭവം. ഇന്‍ഡിഗോ എ.ടി72 എന്ന വിമാനത്തിനാണ് ലാന്‍ഡിംഗിന് തടസ്സം നേരിട്ടത്. കിഴക്ക് ഭാഗത്ത് നിന്നാണ് ഇന്‍ഡിഗോ വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചത്. നിരവധി തവണ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ലാന്‍ഡിംഗിന് ശ്രമിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.ഈ ശ്രമം വിജയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു.

രാത്രി ഏഴേമുക്കാലോടു കൂടിയാണ് എയര്‍ ഇന്ത്യ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ 18 പേര്‍ മരിച്ചിരുന്നു.