ഒരു ലക്ഷവും കടന്നു; ഏഷ്യയില്‍ ഏറ്റവും വേഗതയില്‍ കോവിഡ് പടരുന്നത് ഇന്ത്യയിലെന്ന്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ ലോകത്തെതന്നെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ ഏഷ്യയിലെ ഏറ്റവും വേഗതയില്‍ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ. കോവിഡ് വ്യപനത്തില്‍ ചൈനയെ മറികടന്ന ഇന്ത്യ ഇപ്പോള്‍ ഇറാന് തൊട്ടുപിന്നിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
രാജ്യവ്യാപകമായ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തില്‍ നിയന്ത്രണങ്ങളില്‍ അയവുവരുമ്പോള്‍ വൈറസ് അണുബാധ ഒരു ലക്ഷം കടന്നിരിക്കയാണ്. ഏഷ്യയിലെ ഏറ്റവും വേഗതയില്‍ കോവിഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായാണ് റിപ്പോര്
ട്ട്.

രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച ഘട്ടത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്്. 1,01,328 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തതതോടെ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണിപ്പോള്‍ ഇന്ത്യ.

ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ നിരക്കില്‍ 28 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 42,125 രോഗബാധിതരും 903 മരണവും റിപ്പോര്‍ട്ട് ചെയത അയല്‍ രാജ്യമായ പാകിസ്താനില്‍ ഇതേ കാലയളവില്‍ 19 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read More: ലോക്ക്ഡൗണ്‍ പരാജയമോ? നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനിടെ രാജ്യത്തെ 550 ജില്ലകളില്‍ കോവിഡെത്തി

വെല്ലുവിളികള്‍ വളരെ വലുതാണെന്നും എന്നാല്‍ അണുബാധ നിയന്ത്രിക്കുന്നതില്‍ ഇരട്ടി തന്ത്രം പ്രയോഗിക്കേണ്ടതായും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ അഡീഷണല്‍ പ്രൊഫ.രാജ്മോഹന്‍ പാണ്ഡ പറഞ്ഞു. ലോക്ക്ഡൗന്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്പോള്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപജില്ലാ തലത്തില്‍ നിയന്ത്രണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗ വ്യപനം കണ്ടുതുടങ്ങിയതോടെ രാജ്യത്തെ ലോക്ക്ഡൗണ്‍ നിലവില്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്.