ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ ഏപ്രില്‍ മാസത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത് പത്തുകോടിയിലേറെ പേര്‍ക്കെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി സര്‍വേ. മെയ് മൂന്നിന് അവസാനിച്ച വാരത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 27.1 ശതമാനമായി ഉയര്‍ന്നെന്നും സര്‍വേ പറയുന്നു. ആകെ 10.22 കോടിയാളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായിട്ടുള്ളത്.
ദിവസ വേതനക്കാര്‍, ചെറുകിട തൊഴിലാളികള്‍ എന്നിവര്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. റോഡരികു കച്ചവടക്കാര്‍, ഹാന്‍ഡ് റിക്ഷ വലിക്കുന്നവര്‍, നിര്‍മാണ മേഖലാ തൊഴിലാളികള്‍ എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ഭാവനയ്ക്കും അതീതമായ ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായിട്ടുള്ളതെന്ന് സെന്റര്‍ ഫോര്‍ എകോണമി ചീഫ് എക്‌സിക്യൂട്ടീവ് മഹേഷ് വ്യാസ് ബിസിനസ് സ്റ്റാന്‍ഡേഡ് പത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ‘ ഒരുപക്ഷേ, സമൂഹത്തെ ഏറ്റവും ദരിദ്ര ജനവിഭാഗത്തെ ബാധിക്കുന്ന മാനുഷിക ദുരന്തമാണിത്’ – അദ്ദേഹം എഴുതി.
യു.എസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ തൊഴില്‍ നഷ്ടം നാലിരട്ടി കൂടുതലാണ്. യു.എസില്‍ മൂന്നു കോടി പേര്‍ക്കാണ് ലോക്ക്ഡൗണിന്റെ ആദ്യത്തെ ആറാഴ്ചയില്‍ തൊഴില്‍ നഷ്ടമായിരുന്നത്. ലോക്ക്ഡൗണ്‍ നീട്ടിയതിനാല്‍ സാഹചര്യങ്ങളില്‍ ഇനിയും മോശമാകാനാണ് സാദ്ധ്യതയെന്നും സെന്റര്‍ ഫോര്‍ എകണോമി ചൂണ്ടിക്കാട്ടുന്നു.
‘ആദ്യമായി, അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ് ഒരു ലോക്ക്ഡൗണ്‍ ബാധിക്കുക. പതിയെ അത് സുരക്ഷിത തൊഴിലുകളെയും ബാധിച്ചു തുടങ്ങും. സ്റ്റാര്‍ട്ട് അപ്പുകള്‍ ലേ ഓഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പാട് വ്യവസായ സംഘടനകള്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്’ – വ്യാസ് കൂട്ടിച്ചേര്‍ത്തു.
ലോക്കഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് മിക്ക റേറ്റിങ് ഏജന്‍സികളും പ്രവചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണയ നിധി 1.9 ശതമാനം ജി.ഡി.പിയുടെ കുറവുണ്ടാകും എന്നാണ് വിലയിരുത്തിയിട്ടുള്ളത്.