ഇന്ത്യയില്‍ കോവിഡ് രോഗികള്‍ ഏഴു ലക്ഷത്തിലേക്ക്; മുന്നില്‍ അമേരിക്കയും ബ്രസീലും മാത്രം

ന്യൂഡല്‍ഹി: ആഗോള കൊവിഡ് കണക്കില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് 20000ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ ഏഴ് ലക്ഷത്തോളമായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 425 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതാടെ ആകെ മരണസംഖ്യ 19,693 ആയി ഉയര്‍ന്നു. നിലവില്‍ 2,53,287 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതര്‍ 6,97,413 ആയി. 4,24,433 പേര്‍ ഇതുവരെ രോഗമുക്തരായി.

ഞായറാഴ്ച വൈകീട്ട് വിവിധ സംസ്ഥാനങ്ങള്‍ ഇന്നത്തെ കൊവിഡ് കണക്കുകള്‍ പുറത്ത് വിട്ടതോടെതന്നെ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇന്ത്യക്ക് മുന്നില്‍ തീവ്ര കൊവിഡ് ബാധിത പ്രദേശങ്ങളായി ബ്രസീലും അമേരിക്കയും മാത്രമാണുള്ളത്. കോവിഡ് ബാധിതരില്‍ നാലാം സ്ഥാനത്തുള്ള റഷ്യയില്‍ 6.81 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 29 ലക്ഷത്തോളം രോഗികളുള്ള അമേരിക്കയും 16 ലക്ഷത്തിലേറെ രോഗബാധിതരുള്ള ബ്രസീലുമാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ രോഗികളുള്ള രാജ്യങ്ങള്‍.

Democracy Continues to Hang in the Balance | The Startup

വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൂടുതല്‍ നാശം വിതച്ച മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2.06 ലക്ഷം കടന്നു. 8822 പേര്‍ ഇതുവരെ മരിച്ചു. തമിഴ്‌നാട്ടില്‍ 1,11,151 രോഗികളാണുള്ളത്. ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 3000 കടന്നു.

SHARE