സ്ഥിതി അതിരൂക്ഷം: രാജ്യത്ത് നാല് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ്-മോദിയുടെ കൂടിക്കാഴ്ച നാളെ

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറ്റദിവസത്തിനിടെ 705 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 13,85,522 ആയി ഉയര്‍ന്നിരിക്കയാണ്. ഇതുവരെ കൊവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 32,063 ആണെന്നും പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് നാല് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് കണക്കുകള്‍ 12 ലക്ഷത്തില്‍ നിന്നും 13 ലക്ഷം എന്ന നമ്പറിലേക്ക് കടന്നത് വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ്. ലോകത്ത് കോവിഡ് രൂക്ഷമായ അമേരിക്കയിലേയും ബ്രസീലിലേയും പോലെ പ്രതിദിനം ആയിരത്തോളം മരണങ്ങളാണ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനിടെ, വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുന്നു. കൊവിഡ് ബാധ രൂക്ഷമായിരിക്കെ അണ്‍ലോക്ക് മൂന്നാംഘട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അണ്‍ലോക്ക് രണ്ടാംഘട്ടം അവസാനിക്കാനിരിക്കെ ജൂലൈ 27 തിങ്കളാഴ്ചയാകും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റുരാജ്യങ്ങളിലെന്നപോലും ഇന്ത്യയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമോ എന്ന ചര്‍ച്ചയും ഉന്നതതലങ്ങളില്‍ സജീവമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. അണ്‍ലോക്ക് 2 അവസാനഘട്ടത്തിലേക്ക് എത്തി നില്‍ക്കെ പ്രതിദിനം അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ വീണ്ടും ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്തേര്‍പ്പെടുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി ഇളവുകള്‍ അനുവദിക്കാന്‍ കഴിയുന്ന മേഖലകളെക്കുറിച്ചുമാകും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുക. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാകും ഇനിയുള്ള ഘട്ടമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ, രാജ്യത്തെ പരിശോധനയുടെ എണ്ണം ഉയര്‍ത്തിയതും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണമായിട്ടുണ്ട്.

അതേസമയം, കോവിഡില്‍ നിന്നുള്ള സുഖംപ്രാപിക്കുന്ന നിരക്കില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെത് മികച്ചതാണെങ്കിലും കോവിഡ് ഇപ്പോഴും മാരകമാണെന്ന് ഇന്ന് പ്രക്ഷേപണം ചെയ്ത മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന്, നമ്മുടെ രാജ്യത്ത് കൊറോണ വീണ്ടെടുക്കൽ നിരക്ക് മറ്റുള്ളവയേക്കാൾ മികച്ചതാണ്. ഞങ്ങളുടെ മരണനിരക്ക് മറ്റ് മിക്ക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, പക്ഷേ കൊറോണ വൈറസിന്റെ ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല. ഇത് പല മേഖലകളിലും അതിവേഗം പടരുന്നു. രാജ്യം കൊവിഡ് ആശങ്കയിലാണ്. അതിനാൽ ആരും ജാഗ്രത കൈവിടരുത്. മാസ്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതുമാണ് നല്ല ഔഷധം. അതിനാൽ എല്ലാവരും മാസ്ക് ധരിക്കണം. അതിൽ അലസത കാണിക്കരുത്, നരേന്ദ്ര മോദി പറഞ്ഞു