സന്ദര്‍ശക വിസയില്‍ യു.എ.ഇയിലേക്ക് പോകാം; ഇന്ത്യയ്ക്കാര്‍ക്ക് അനുമതി

ദുബൈ: ഇന്ത്യയില്‍ നിന്ന് സന്ദര്‍ശകവിസയില്‍ യു.എ.ഇയിലേക്ക് പോകാന്‍ അനുമതി. ഇന്ത്യക്കാര്‍ക്ക് ഏതുതരത്തിലുള്ള വിസ ഉപയോഗിച്ചും യു.എ.ഇയിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു. വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദര്‍ശകവിസക്കാര്‍ക്ക് യാത്ര ചെയ്യാം. യു.എ.ഇയില്‍ താമസ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ യു.എ.ഇയിലേക്ക് മടങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്ക് നിര്‍ബന്ധമാണ്.

യു.എ.ഇ സന്ദര്‍ശ വിസ ഇഷ്യു ചെയ്യാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നേരത്തെ ഇന്ത്യന്‍ അംബാസഡര്‍ അധികൃതരില്‍ നിന്ന് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നു. വളരെ നേരത്തെ ഒരു തീരുമാനം പ്രതീക്ഷിക്കുന്നു എന്നാണ് പവന്‍ കപൂര്‍ പറഞ്ഞിരുന്നത്. ഓഗസ്റ്റ് ഏഴിനാണ് ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. യാത്രാ നിയന്ത്രണം ഇല്ലാത്തതിന്റെയും ഉഭയകക്ഷി ധാരണ ഉള്ളതിന്റെയും സാഹചര്യത്തില്‍ ഇന്ത്യയ്ക്കാര്‍ക്ക് ഏതു വിസയിലും യു.എ.ഇ സന്ദര്‍ശിക്കാം എന്നാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

യു.എ.ഇയില്‍ ദീര്‍ഘകാല താമസവിസയുള്ളവര്‍ക്കാണ് സന്ദര്‍ശക വിസ ഏറെ ഉപകാരപ്രദമാകുക. മിക്ക കുടുംബാംഗങ്ങളും സന്ദര്‍ശക വിസയിലാണ് യു.എ.ഇയിലേക്ക് പോകാറുള്ളത്. ഏറെക്കാലമായുള്ള പ്രതിസന്ധി നീങ്ങിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ സമൂഹം.

SHARE