‘കോഹ്‌ലി ദ നമ്പര്‍ വണ്‍’; ആദ്യ ട്വന്റി 20 യില്‍ ഇന്ത്യക്ക് ജയം

റണ്‍ ചെയ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ നമ്പര്‍ വണ്‍ ആണെന്ന് വീണ്ടും തെളിയിച്ച മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയം കൈയ്യിലാക്കിയത്. 50 പന്തില്‍ നിന്ന് ആറു വീതം ബൗണ്ടറിയും സിക്‌സുമായി 94 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയാണ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കിയത്. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി.

ഓപ്പണര്‍ രോഹിത് ശര്‍മയെ (8) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും തകര്‍ത്തടിച്ച കെ.എല്‍ രാഹുലാണ് (40 പന്തില്‍ 62) ഇന്ത്യയ്ക്ക് മികച്ച തുടക്കമേകിയത്. രാഹുല്‍ പുറത്തായ ശേഷം ആക്രമണം ഏറ്റെടുത്ത കോലി പിന്നീട് വെടിക്കെട്ടിന് തിരികൊളുത്തി. കോലിയുടെ 23ാം അര്‍ധ സെഞ്ചുറിയായിരുന്നു ഇത്. വെസ്റ്റിന്‍ഡീസിനെ എവിന്‍ ലൂയിസും ഹെത്ത്‌മെയറും ക്യാപ്റ്റന്‍ പൊളാര്‍ഡും ബ്രണ്ടന്‍ കിംഗും ചേര്‍ന്നാണ് ഇരുനൂറ് കടത്തിയത്. ഇന്ത്യക്ക് വേണ്ടി ചഹാല്‍ രണ്ടും വാഷിംഗ്ട്ടണ്‍ സുന്ദര്‍,ദീപക്ക് ചഹര്‍,ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

SHARE