കാത്തിരിപ്പ് തീരുന്നു; സന്ദര്‍ശക വിസ വഴി യു.എ.ഇ യാത്ര വൈകാതെ

അബൂദബി: സന്ദര്‍ശക വിസക്കാര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാനുള്ള അവസരം വൈകാതെ ലഭ്യമാകുമെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാപതി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ വഴിയാണ് വിസിറ്റ് വിസക്കാര്‍ക്ക് യാത്ര സാദ്ധ്യമാകുക.

യു.എ.ഇ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലേക്കുള്ള വിസ, യാത്രാ നിയന്ത്രണങ്ങളില്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇളവ് വരുത്തിയതോടെയാണ് ഇതിന് അവസരമൊരുങ്ങുന്നത്. ‘ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു എന്നാണ് മനസ്സിലാക്കുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനത്തിന് ശേഷം മാത്രമേ ഇത് പ്രാബല്യത്തില്‍ വരൂ. ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും’ – അംബാസഡര്‍ പവന്‍ കപൂര്‍ ട്വീറ്റില്‍ വ്യക്തമാക്കി. ഇതിന് ശേഷം മാത്രമെ യാത്രക്കാര്‍ യുഎഇയിലേക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദര്‍ശക വിസകള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങളാണ് ഇന്ത്യന്‍ എംബസിയില്‍ ലഭിക്കുന്നതെന്ന് നേരത്തെ അംബാസഡര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശക വിസയില്‍ ജോലി തേടി വരരുത് എന്ന് അദ്ദേഹം അഭ്യര്‍്ത്ഥിച്ചിരുന്നു.

സന്ദര്‍ശക വിസയിലെത്തി ആളുകള്‍ പ്രശ്‌നങ്ങളില്‍ അകപ്പെടുന്നത് ഒഴിവാക്കണം. ജോലി അന്വേഷിക്കുന്നവര്‍ സാഹചര്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. ഉറപ്പായ ജോലിയുണ്ടെങ്കില്‍ പ്രശ്‌നമില്ല. കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തുന്നതും അംഗീകരിക്കാം. എന്നാല്‍ ജോലി അന്വേഷിച്ചെത്തി ദുരിതത്തിലാവുന്നവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ജോലി അന്വേഷിച്ച് യുഎഇയിലേക്ക് യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ ഇത് ശരിയായ സമയമാണോ എന്ന് ആലോചിക്കണം- എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇന്ത്യയടക്കം ചില രാഷ്ട്രങ്ങളില്‍ ഉള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ച് ജൂലൈ 29ന് ദുബായ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യയിലുള്ളവര്‍ക്ക് യു.എ.ഇയിലേക്ക് പോകാമോ എന്നതില്‍ അവ്യക്തതയുണ്ടായിരുന്നു. സന്ദര്‍ശക വിസക്കാരുടെ യാത്രാ ചട്ടങ്ങളില്‍ വ്യക്തത വരുന്നതു വരെ യു.എ.ഇയിലേക്ക് വരാന്‍ ആകില്ല എന്നാണ് അംബാസഡര്‍ വ്യക്തമാക്കിയിരുന്നത്.