അനുയാത്ര പദ്ധതിക്ക് തുടക്കം; മാതൃകാപരമെന്ന് ഉപരാഷ്ട്രപതി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങ് നല്‍കുക എന്ന ലക്ഷ്യമായി സംസ്ഥാനത്ത് തുടക്കമിട്ട അനുയാത്ര പദ്ധതിക്ക് തുടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പദ്ധതി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാര്‍ക്കായി കേരളം തയാറാക്കിയ പദ്ധതി സമാനതകളില്ലാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിയുള്ളവര്‍ക്ക് അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ ഇത് ഉപകരിക്കും. വൈകല്യം കണ്ടെത്താന്‍ കൃത്യസമയത്തുള്ള ഇടപെടല്‍, വൈകല്യത്തിന്റെ ഗവേഷണം എന്നിവയടക്കമുള്ള എല്ലാ കാര്യങ്ങളും നമ്മുടെ രാജ്യത്ത് ഇപ്പോഴും പ്രാരംഭ ഘട്ടത്തില്‍ തന്നെയാണ്. ഇതില്‍ നിന്ന് മുന്നോട്ട് പോവേണ്ടതുണ്ട്. കേരളം തുടക്കമിട്ടിരിക്കുന്ന അനുയാത്രപദ്ധതി മാതൃകാപരമാണ്. പ്രത്യേക പരിഗണന വേണ്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതി രൂപീകരണത്തിന് ഏകീകൃതപരിപാടികള്‍ ഉണ്ടാക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. സാമൂഹ്യനീതിവകുപ്പും ആരോഗ്യവകുപ്പും സംയോജിച്ചാണ് ഇവര്‍ക്കുള്ള പദ്ധതികള്‍ തയാറാക്കുന്നത്. കേന്ദ്രീകൃതമായി ഒരു സ്ഥാപനമില്ലാത്തതിനാല്‍ അവര്‍ക്ക് വേണ്ടത്ര ഫണ്ട് ചെലവഴിക്കുന്നതില്‍ അപര്യാപ്തതയുണ്ടാക്കുന്നു. ഇത് മാറേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
യുഎന്‍ സര്‍വെ പ്രകാരം നമ്മുടെ രാജ്യത്ത് 0-19 വയസിന് ഇടയ്ക്ക് 1.67 ശതമാനം ഭിന്നശേഷിക്കാരുണ്ട്. മൊത്തം ജനസംഖ്യയില്‍ 35.29 ശതമാനം കുട്ടികളും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ്. മറ്റൊരു സര്‍വെ പ്രകാരം ഇന്ത്യയില്‍ 12 ദശലക്ഷം കുട്ടികള്‍ഭിന്നശേഷിക്കാരാണെന്ന് വ്യക്തമാക്കുന്നു. ഇവരില്‍ ഒരു ശതമാനംപേര്‍മാത്രമാണ് സ്‌കൂളില്‍ പോകുന്നതെന്നും സര്‍വെ പറയുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം പുലര്‍ത്തുന്ന പുരോഗമനപരവും നൂതനുവുമായ സമീപനം പ്രസിദ്ധമാണ്. അതിന്റെ ഒരു വശം ഭിന്നശേഷിക്കാരായ കുട്ടികളടെ വിദ്യാഭ്യാസമാണെന്നത് അഭിനന്ദനാര്‍ഹമാണ്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ നെസര്‍ഗിക വാസനകള്‍ മാന്ത്രികവിദ്യയിലൂടെ ഉണര്‍ത്തി അവര്‍ സവിശേഷ ശേഷിയുള്ളവരാണെന്ന് ലോകത്തിന് സന്ദേശം നല്‍കാന്‍ അനുയാത്ര പദ്ധതി ഉപകരിക്കും. പ്രത്യേക കഴിവുകളും ആത്മാര്‍പ്പണത്തിനുമൊപ്പം ഈ സവിശേഷ കുട്ടികള്‍ മനുഷ്യചൈതന്യത്തിന്റെ ദൃഢനിശ്ചയവും വിജയവും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം മറ്റനേകം പേര്‍ക്ക് തങ്ങളുടെ വെല്ലുവിളികള്‍ മറികടക്കാന്‍ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ സംവരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കെ.കെ ശൈലജ, വി.എസ് ശിവകുമാര്‍ എം.എല്‍.എ, മേയര്‍ വികെപ്രശാന്ത്, സാമൂഹ്യക്ഷേമവകുപ്പ് അഡിഷണല്‍ സെക്രട്ടറി കെഎം എബ്രഹാം, സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ കെവി അനുപമ,മാജിക്ക് അക്കാദമി ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം ഭിന്നശേശഷിക്കാരായ 23 കുട്ടികളെ അണിനിരത്തി മാജിക് അക്കാദമി ഒരുക്കിയ മാന്ത്രിക നൃത്തപരിപാടിയും വീക്ഷിച്ചാണ് ഉപരാഷ്ട്രപതി മടങ്ങിയത്.

SHARE