ലണ്ടന്‍: കേരളത്തില്‍ നിന്ന് ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തിയ ആയിരത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ കൊറോണ ഭീതി മൂലം നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്നു. കോവിഡ് മൂലം ഒരു മാസമായി ബ്രിട്ടണ് ലോക്ക്ഡൗണിലാണ്. യൂണിവേഴ്സിറ്റികളും അടഞ്ഞു കിടക്കുന്നു. സെപ്തംബര്‍ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. വിവിധ യൂണിവേഴ്സിറ്റികളിലായി അമ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യു.കെയില്‍ പഠിക്കുന്നത്.
ഇന്ത്യ പോലുള്ള ചില രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് നിലവില്‍ ദുരിതം അനുഭവിക്കുന്നത്. മറ്റു രാഷ്ട്രങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരികെയെത്തിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള പല സാംസ്കാരിക സംഘനകള്‍ വഴി മുഖ്യമന്ത്രിയുടെ ഓഫീസിലും കേരള ഗവര്‍മെന്റിന്റെ ഔദ്യോഗിക റിക്രൂട്ട്മെന്റ് ഏജന്‍സിയായ നോര്‍ക്ക റൂട്ട്സിനെയും ബന്ധപ്പെട്ടെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞ നിലയിലാണ് ഉള്ളത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ബ്രിട്ടന് കെഎംസിസിയും കേരള മലയാളി അസോസിയേഷനും ഒഐസിസിയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും മറ്റു സഹായ സഹകരണങ്ങളും നല്കി വരുന്നുണ്ട്. യുകെയിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രികരിച്ചു ഹെല്പ് ലൈന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ‘ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലുകളിലും വീടുകളിമായി ക്വാറന്റീനില്‍ കഴിയുന്നത്. ഇപ്പോള്‍ ഒന്നര ലക്ഷത്തോളം ആളുകള്‍ അസുഖം ബാധിക്കുകയും പതിനേഴായിരത്തോളം ആളുകള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണമുള്ള ആളുകള്‍ ആരോഗ്യ ഏജന്‍സിയായ എന്എച്ച്സിനെ വിളിച്ചാല്‍ ഹോസ്പിറ്റലുകള്‍ നിറഞ്ഞതു കാരണം വീടുകളില്‍ കഴിയാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് വിദ്യാര്‍ത്ഥികളില്‍ ഭീതി പരത്തുന്നുണ്ട്. പലരും ജോലിയ്ക്ക് പോകണോ നാട്ടില്‍ നിന്നും സഹായം തേടാനോ കഴിയാതെ വീടുകളില്‍ അടച്ചിരിപ്പാണ്. എത്രയും പെട്ടെന്ന് പെട്ടെന്ന് ഗള്‍ഫ് നാടുകളില്‍ നിന്നുള്ള പ്രവാസികളെ പോലെ ഇവരെയും നാട്ടിലെത്തിക്കേണ്ടതുണ്ട്- ബ്രിട്ടന് കെഎംസിസിയുടെ സെക്രട്ടറി സഫീര്‍ പറഞ്ഞു.