പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ സൈന്യം നിത്യവും വധിക്കുന്നതായി രാജ്നാഥ് സിങ്

ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ ആറോ തീവ്രവാദികളെയാണ് സൈനികര്‍ ദിവസവും അതിര്‍ത്തിയില്‍ വധിക്കുന്നത്. അതേസമയം, പാകിസ്താന്‍ മേഖലകളിലേക്ക് പ്രകോപനപരമായി വെടിയുതിര്‍ക്കരുതെന്ന് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

‘ഇപ്പോള്‍ ഇന്ത്യ ദുര്‍ബലമായ ഒരു രാജ്യമല്ല. ചൈനയുമായുള്ള അതിര്‍ത്തി വിഷയം ഇന്ത്യ കൈകാര്യം ചെയ്ത രീതി അത് തെളിയിക്കുന്നതാണ്. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരാക്രമണം വരെ ഉണ്ടായേക്കുമെന്ന സമയത്താണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച് ചൈനയുമായുള്ള ഡാക്ലാം വിഷയം ഇന്ത്യ പക്വതയോടെ കൈകാര്യം ചെയ്ത്്. വളരെ ശക്തമായ രാജ്യമായതു കൊണ്ടാണ് ഇന്ത്യക്ക് ഇതിന് സാധിച്ചതെന്നും, രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ എണ്ണമില്ലാത്ത ബുള്ളറ്റുകള്‍ കൊണ്ട് ഉചിതമായ മറുപടി നല്‍കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.


അതേസമയം ചൈന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും, നെഞ്ച് വീര്‍പ്പിച്ചു കഴിഞ്ഞാല്‍ ഡോക്‌ലാം വിഷയത്തില്‍ മോദി വീശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്ന ഡോക്‌ലാമില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചതാണ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്.