ട്രെയിനുകളില്‍ ഇക്കണോമി എ.സി കോച്ചുകള്‍ ഉടന്‍

ന്യൂഡല്‍ഹി: എല്ലാ യാത്രക്കാര്‍ക്കും എ.സി കോച്ചുകളില്‍ യാത്രചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിയുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി ത്രി ടയര്‍ എ.സി കോച്ചുകളിലേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. ഇവ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോച്ചുകള്‍ അവതരിപ്പിക്കുന്നത്. നോണ്‍ എ.സി കോച്ചുകള്‍ക്ക് പുറമെ, തേര്‍ഡ് ക്ലാസ് എ.സി, സെക്കന്റ് ക്ലാസ് എ.സി, ഫസ്റ്റ് ക്ലാസ് എ.സി കോച്ചുകളാണ് നിലവില്‍ ദീര്‍ഘദൂര ട്രെയിനുകളിലുള്ളത്. ഇവക്കൊപ്പം ഇക്കണോമി എ.സി കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. ഓട്ടോമാറ്റിക് ഡോറുകളാവും ഈ കോച്ചുകളുടെ മറ്റൊരു സവിശേഷത. അതേസമയം പുതിയ കോച്ചുകള്‍ വരുന്നതോടെ എ.സി കോച്ചുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
train-650_650x400_61490333564സാധാരണ എ.സി കോച്ചുകളെ അപേക്ഷിച്ച് ഇക്കണോമി ക്ലാസുകളില്‍ തണുപ്പ് കുറവായിരിക്കും. പുറത്തെ കൂടിയ ചൂടില്‍നിന്ന് യാത്രക്കാര്‍ക്ക് രക്ഷ നല്‍കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. 24-25 ഡിഗ്രിയില്‍ സ്ഥിരമായി ചൂട് ക്രമീകരിക്കും. അതുകൊണ്ടുതന്നെ ട്രെയിനിനകത്ത് വലിയ തണുപ്പ് അനുഭവപ്പെടില്ല. സാധാരണ എ.സി കോച്ചുകളില്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പുകളും ഇക്കണോമി ക്ലാസുകളില്‍ ഉണ്ടാവില്ല.
ഹംസഫര്‍, തേജസ് എന്നീ പേരുകളില്‍ അടുത്തിടെ എ.സി കോച്ചുകള്‍ മാത്രം അടങ്ങിയ രാജധാനി, ശതാബ്ദി ട്രെയിനുകള്‍ റെയില്‍വേ ട്രാക്കിലിറക്കിയിരുന്നു. ഇവക്ക ലഭിച്ച മികച്ച പ്രതികരണവും ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേക്ക് പ്രേരണയാകുന്നുണ്ട്.
ആധുനീകരണത്തെക്കുറിച്ച് പഠിക്കാന്‍ റയില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രത്യേക സെല്ലിന് അടുത്തിടെ രൂപം നല്‍കിയിരുന്നു. ഈ സെല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കണോമി എ.സി ക്ലാസുകള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.