രാഷ്ട്രപതിയുടെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് നീക്കി

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് എയര്‍ഇന്ത്യ നീക്കി. ഏകമകള്‍ സ്വാതിയെയാണ് ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് നീക്കം ചെയ്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സ്വാതിയെ വിലക്കിയത്. ഇനി മുതല്‍ എയര്‍ഇന്ത്യയുടെ ഓഫീസ് ജോലിയായിരിക്കും സ്വാതിക്കുണ്ടാവുക.
എയര്‍ഇന്ത്യയുടെ ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ കാബിന്‍ ക്രൂ ആയിരുന്നു സ്വാതി. എന്നാല്‍ രാഷ്ട്രപതിയുടെ മകള്‍ എന്ന നിലക്കുള്ള സുരക്ഷ, എയര്‍ഹോസ്റ്റസായി തുടര്‍ന്നാല്‍ നല്‍കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സ്വാതിയെ എയര്‍ഇന്ത്യയുടെ ഇന്റഗ്രേഷന്‍ വകുപ്പിലേക്ക് മാറ്റിയത്.
എയര്‍ഇന്ത്യയുടെ ആസ്ഥാനത്താണ് പുതിയ നിയമനം. രാഷ്ട്രപതിയുടെ മകളാണ് സ്വാതിയെന്ന യാഥാര്‍ത്ഥ്യം എയര്‍ഇന്ത്യ അടുത്തിടെയാണ് അറിഞ്ഞത്. പേരിനൊപ്പം സ്വാതി പിതാവിന്റെ പേര് ചേര്‍ത്തിരുന്നില്ല. എന്നാല്‍ രാംനാഥ് കോവിന്ദിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ വിദേശയാത്രയില്‍ നിന്ന് സ്വാതിയെ വിലക്കി. സുരക്ഷ ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്തായിരുന്നു നടപടി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്ന സ്വാതി ജോലിയില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് ലീവെടുത്തിരുന്നു. പിതാവിന്റെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയാണ് താന്‍ അവധിയില്‍ പ്രവേശിക്കുന്നതെന്ന് സ്വാതി പരാമര്‍ശിച്ചിരുന്നില്ലെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു