ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ഋഷി സുനക്

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവാണ് ഋഷി സുനക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടനിലെ പുതിയ ധനമന്ത്രിയായി നിയോഗിക്കപ്പെട്ടു. പാക് വംശജനായ സാജിദ് ജാവിദ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നിയമനം.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ്‍ മൂര്‍ത്തിയുടെ മരുമകനായ ഋഷി സുനക് ബ്രിട്ടീഷ് ധനമന്ത്രിക്ക് തുല്യമായ പദവിയായ ബ്രിട്ടന്‍ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ ആയിട്ടാണ് നിയമനം. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഋഷിക്ക് സുപ്രധാന ചുമതല നല്‍കിയത്. പുതിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.

യോര്‍ക്ക്‌ഷെയറിലെ റിച്ച് മൗണ്ടില്‍ നിന്നുള്ള എം.പിയായ 39 കാരനായ ഋഷി സുനക് നിലവില്‍ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം സര്‍ക്കാരിന്റെ ഉന്നത സമിതിയില്‍ ഇനി റിഷി സുനകും അംഗമാകും. ധനമന്ത്രിയായതോടെ സര്‍ക്കാരില്‍ രണ്ടാം സ്ഥാനക്കാരനാകുന്ന സുനക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തൊട്ടടുത്തുള്ള 11 ാം നമ്പര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് മാറും. റിഷി സുനകിനെ ഖജനാവിന്റെ കാവല്‍ക്കാരനാക്കിയതില്‍ രാജ്ഞി സന്തോഷവതിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തെത്തിയ ബ്രെക്‌സിറ്റ് നടപടി വന്ന് രണ്ടാഴ്ചക്കുള്ളിലാണ് സാജിദ് ജാവിദിന്റെ രാജി. സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഡിസംബറില്‍ വീണ്ടും അധികാരത്തിലെത്തിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആദ്യത്തെ പുന:സംഘടനയിലാണ് ജാവിദ് പുറത്താകുന്നത്. ജാവിദും പ്രധാനമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുകളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ധനമന്ത്രിയെ നീക്കാന്‍ ജോണ്‍സണ്‍ ശ്രമം നടത്തിയത്. ഇതോടെയാണ് ജാവിദ് രാജിവച്ചതും റിഷി സുനകിന് നറുക്ക് വീഴുന്നതും. ജനുവരി 31 ന് ബ്രിക്‌സിറ്റ് നടപ്പിലാക്കിയതിന് ശേഷമുണ്ടായ ജാവിദിന്റെ രാജി സര്‍ക്കാരിന് വലിയ അസ്വസ്ഥതകളാണ് ഉണ്ടാക്കിയിരിക്കുന്നത്. തൊഴിലാളി വര്‍ഗ മുസ്്‌ലിം കുടുംബത്തില്‍ ജനിച്ച ലണ്ടന്‍ സിറ്റി ബാങ്കറുമായിരുന്നു. തന്റെ എല്ലാ ഉപദേഷ്ടാക്കളെയും പുറത്താക്കണമെന്നും പ്രധാന മന്ത്രി ആവശ്യപ്പെട്ടിരുന്നു. ആത്മാഭിമാനമുള്ള ഒരു മന്ത്രിയും ഈ നിബന്ധനകള്‍ അംഗീകരിക്കില്ലെന്നായിരുന്നു ജാവിദിന്റെ പ്രതികരണം.

2015 ല്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുനക് മുമ്പ് ട്രഷറിയുടെ ചീഫ് സെക്രട്ടറിയായും ധനമന്ത്രിയുടെ രണ്ടാമത്തെ കമാന്‍ഡായും പൊതുചെലവിന് മേല്‍നോട്ടം വഹിച്ചു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്‌സ്, ഫിലോസഫി, ഇക്കണോമിക്‌സ് എന്നിവ പഠിക്കുന്നതിനുമുമ്പ് സുനക് പ്രശസ്തമായ വിന്‍ചെസ്റ്റര്‍ കോളേജില്‍ ചേര്‍ന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ നേടിയിട്ടുണ്ട്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷതയാണ് ഭാര്യ. ദമ്പതികള്‍ക്ക് കൃഷ്ണ, അനുഷ്‌ക എന്നീ രണ്ട് പെണ്‍മക്കളുണ്ട്.