രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുത്: ആര്‍.എസ്.എസ് വേദിയില്‍ പ്രണബ് മുഖര്‍ജി

നാഗ്പൂര്‍: രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കാന്‍ ശ്രമിക്കരുതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നാഗ്പൂരില്‍ ആര്‍.എസ്.എസ് ത്രിതിയ വര്‍ഷ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനം ദേശീയതയെ തകര്‍ക്കും. ജനാധിപത്യം ഒരു സമ്മാനമല്ല. പവിത്രമായ കര്‍മമാണ്.
മതേതരത്വം നമുക്ക് മതമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവ്. എല്ലാതരം അക്രമങ്ങളും അവസാനിപ്പിക്കണം. 1800 വര്‍ഷത്തോളമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളിലും എത്തുന്നുണ്ട്. ലോകം മുഴുവനും ഒരു കുടുംബമായി കാണുന്നവരാണ് നാം. ഇന്ത്യയുടെ ശക്തി സഹിഷ്ണുതയാണ്. കൂട്ടായ ചിന്തയാണ് നൂറ്റാണ്ടുകളായി നാം പിന്തുടരുന്ത്. അസഹിഷ്ണുത രാജ്യത്തിന്റെ ഐഡന്റിറ്റിയെ നശിപ്പിക്കും. ഇന്ത്യയുടെ വൈവിധ്യമാണ് നാം ആഘോഷിക്കുന്നത്.
മതത്തിന്റേയോ അസഹിഷ്ണുതയുടേയോ പേരില്‍ ദേശീയതയെ വിശകലനം ചെയ്യുന്നത് നമ്മുടെ നിലനില്‍പിനെ തന്നെ ഇല്ലാതാക്കും. വിദ്വേഷം ദേശീയതയെ നശിപ്പിക്കും. ബഹുസ്വര സമൂഹവും വിശ്വാസവുമാണ് ഇന്ത്യയുടെ സഹിഷ്ണുതയുടെ പ്രത്യേകത. ഇന്ത്യയുടെ ചരിത്രം ബി.സി ആറാം നൂറ്റാണ്ടു മുതലുള്ളതാണ്. 600 വര്‍ഷം ഇന്ത്യയില്‍ മുസ്‌ലിം ഭരണാധികാരികളുണ്ടായിരുന്നു ഇത് പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി. പിന്നീട് ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിക്കു കീഴിലായി. എങ്കിലും 5000 വര്‍ഷത്തോളമുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ സംസ്‌കാരങ്ങളുടെ തുടര്‍ച്ച നിലനിന്നിരുന്നുവെന്നത് ഓര്‍ക്കണം.
ഇന്ത്യയുടെ ദേശീയത എന്നത് ദീര്‍ഘനാളത്തെ സഹവര്‍ത്തിത്വത്തിന്റേയും സംഘമങ്ങളുടേയും ആകെത്തുകയാണ്. ആധുനിക ഇന്ത്യ എന്ന സങ്കല്‍പം പല ദേശീയ നേതാക്കന്‍മാരുടേയും ശ്രമഫലമാണ്. ഇത് വംശത്തിന്റേയോ മതത്തിന്റേതോ അല്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഗാന്ധിയും നെഹ്‌റുവും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ദേശീയത ആരുടേയും സവിശേഷ അധികാരമല്ലെന്ന് ദേശീയത ഹിന്ദു, മുസ്‌ലിം ഉള്‍പ്പെടെ എല്ലാ മതങ്ങളുടേയും കൂട്ടായ കൂടിച്ചേരലാണ്. ഇന്ത്യയുടെ ദേശീയത രാഷ്ട്രീയത്തിനും മതത്തിനും പ്രാദേശിക വാദങ്ങള്‍ക്കും ഉപരിയാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ഇത് അങ്ങിനെയായിരുന്നു ഇന്നും അതു തുടരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു സമ്മാനമല്ല,
അത് വിശുദ്ധമായ ഒരു ഉദ്യമമാണ്. നമ്മുടെ ഭരണഘടന ഒരു ഉത്തരവാദിത്തമാണ്. നാട്ടു രാജ്യങ്ങളെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തതിന് വല്ലഭായി പട്ടേലിന് നന്ദി പറയണം. ദേശീയത എന്നാല്‍ എല്ലാ മതങ്ങളുടേയും കൂടിച്ചേകസാണ്, വൈവിധ്യ സംസ്‌കാരങ്ങളാണ് നമ്മളെ സവിശേഷമായ ഒരു രാജ്യമാക്കി മാറ്റിയത്. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. മതേതരത്വവും ബഹുസ്വരതയും ഇന്ത്യയുടെ പ്രത്യേകതയാണ്. മതേതരത്വം എന്നെ സംബന്ധിച്ച് ഒരു വിശ്വാസമാണ്. കണ്ണുകളടച്ചാല്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെയാണ് താന്‍ സ്വപ്‌നം കാണുന്നത്.
എണ്ണമറ്റ മതങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍ എല്ലാം ഒരു ഭരണഘടനക്കു കീഴില്‍. ഇതാണ് ഇന്ത്യ. 122 ഭാഷകളും 1600 ഓളം ഭാഷാ വ്യതിയാനങ്ങളും. ഏഴ് പ്രധാന മതങ്ങള്‍, മൂന്ന് വംശീയ ഗ്രൂപ്പുകളും ഒരു സംവിധാനത്തിന് കീഴില്‍ ജീവിക്കുന്നു. ഒരു ഭരണഘടന, ഒരു ദേശീയത അതാണ് ഭാരതീയം. ഈ സവിശേഷതകളാണ് ഭാരതത്തെ വൈവിധ്യമാക്കുന്നത്. പൊതു ജീവിതത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഭിന്ന സ്വരങ്ങളെ നമ്മള്‍ക്ക് ഒരിക്കലും നിരാകരിക്കാനാവില്ല. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ മാത്രമേ നമ്മള്‍ക്ക് പരിഹരിക്കാനാവൂ.
ഓരോ ദിവസവും നമ്മള്‍ക്കു ചുറ്റും അധിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പൊതു ജീവിതത്തില്‍ എല്ലാ തരം അക്രമങ്ങളെയും നിരുല്‍സാഹപ്പെടുത്തണം. ദേശ്യത്തിന്റേയും അക്രമത്തിന്റേയും പാത വെടിഞ്ഞ് സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും പാതയിലേക്ക് നാം മുന്നേറണം. പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കളാണ് നിങ്ങള്‍ സമാധാനത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നമ്മുടെ മാതൃരാജ്യം ആവശ്യപ്പെടുന്നത് അതാണ്. ഓരോ തവണയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടക്കുമ്പോള്‍ മുറിവേല്‍ക്ുകന്നത് ഇന്ത്യയുടെ ആത്മാവിനാണ്.
എല്ലാ സ്തൂല സാമ്പത്തിക കാര്യങ്ങളിലും നാം മുന്നേറുമ്പോഴും സംതൃപ്തിയുടെ പട്ടികയില്‍ നമ്മുടെ രാജ്യം 133-ാം സ്ഥാനത്താണ്. പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആറാം ഗേറ്റിന് മുകളിലായി കൗടില്യന്റെ വാക്കുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സന്തോഷം ഭരിക്കുന് രാജാവിന്റെ സന്തോഷത്തിലാണ്. ജനങ്ങളുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കും മുമ്പേ കൗടില്യന്‍ ജനങ്ങളെയാണ് ഏറ്റവും പ്രധാനപ്പെട്ടതായി കണ്ടത്.
ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ദേശീയത സവിശേഷമായ ഒന്നല്ല. അത് നശിപ്പിക്കാനോ, ആക്രമണ സ്വഭാവമുള്ളതോ വിനാശകാരിയോ അല്ല അത് പ്രണബ് കൂട്ടിച്ചേര്‍ത്തു. നേരത്തെ നാഗ്പൂരിലെത്തിയ പ്രണബ് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.
ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുന്‍രാഷ്ട്രപതി. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭഗവത് സ്വീകരിച്ചു.

SHARE