ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ വിമര്‍ശനവുമായി ഐ.എം.എ

തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കുന്നതിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ കോവിഡ് രോഗവ്യാപനം നിയന്ത്രണാതീതമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി.

ശക്തനായ ഒരു വൈറസിനോടാണ് യുദ്ധം. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുമ്പോള്‍ രോഗവ്യാപനമുണ്ടാകും. പുറത്തുനിന്ന് ആളുകള്‍ വരുകയും ചിലരെങ്കിലും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്യുന്നതോടെ സമൂഹവ്യാപന സാധ്യത കൂടി വരികയാണ്.

രോഗം കിട്ടിയത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഈ ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്നാണ് ഐഎംഎയുടെ ആശങ്ക.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായതു പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ടുനിറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി അവസ്ഥയുണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

SHARE