കൊറോണ ഭീതി രാജ്യത്തെ ഭയത്തിലേക്ക് തള്ളി വിടുമ്പോള്‍ പുറത്ത് വരുന്നത് രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥ കൂടിയാണ്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം, 84,000 ഇന്ത്യാക്കാര്‍ക്ക് ഒരു ഐസൊലേഷന്‍ കിടക്കയും 36,000 ഇന്ത്യക്കാര്‍ക്ക് ഒരു കിടക്കയുമാണ് ലഭ്യമായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശേഖരിച്ച മാര്‍ച്ച് 17 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. 11,600 ഇന്ത്യക്കാര്‍ക്ക് ഒരു ഡോക്ടറും 1,826 ഇന്ത്യക്കാര്‍ക്ക് ഒരു ആശുപത്രി കിടക്കയുമാണുള്ളത്.രാജ്യം രോഗവ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ (ഐസിഎംആര്‍) ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ അനുരാഗ് അഗര്‍വാള്‍ പറയുന്നു. ‘ഈ ഘട്ടത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഫലപ്രദമാണ്. മൂന്നാം ഘട്ടത്തില്‍ അടച്ചിടേണ്ടി വരും. ഇന്ത്യന്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ മേല്‍ അമിത ഭാരം കയറ്റേണ്ടിവരുന്നത് ഇല്ലാതാക്കുകയാണ് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിലൂടെ ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ രണ്ടാം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും മൂന്നാം ഘട്ടത്തിലെ രോഗ വ്യാപനത്തിന്റെ അപകടാവസ്ഥ കുറയ്ക്കാനുള്ള വാതിലാണ് ഇപ്പോഴുള്ളതെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായ ബല്‍റാം ഭാര്‍ഗവ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായും ആരോഗ്യ മന്ത്രിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പറഞ്ഞിരുന്നു.