ഒടുവില്‍ കേന്ദ്രം കണ്ണു തുറന്നു; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും കൊണ്ടുപോകാന്‍ അനുമതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിവിധയിടങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം നാട്ടിലെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.

സാമൂഹ്യഅകലം പാലിച്ചാണ് ഇവരെ കൊണ്ടു പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് പോകാനാകാതെ വിഷമിച്ചിരുന്നത്. മുംബൈ, കേരളം, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ തെരുവിലിറങ്ങുകയും ചെയ്തിരുന്നു.ഇതിനായി സംസ്ഥാന സര്‍ക്കാറുകള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം, കൊണ്ടു പോകുന്നതിനും സ്വീകരിക്കുന്നതിനും പ്രോട്ടോകോള്‍ പാലിക്കണം, റോഡ് വഴിയുള്ള സഞ്ചാരത്തിന് ബന്ധപ്പെട്ട രണ്ട് സംസ്ഥാനങ്ങളും പരസ്പരം സമ്മതിക്കണം, കോവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ കൊണ്ടു പോകാനാകൂ, കൊണ്ടു പോകുന്ന ബസ്സുകള്‍ അണുവിമുക്തമാക്കണം, സാമൂഹിക അകല മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, എത്തുന്ന സ്ഥലങ്ങളില്‍ ഇവരെ വീടുകളില്‍ ക്വാറന്റൈനീലാക്കണം എന്നിങ്ങനെയാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.