ശ്രീലങ്കയില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം ; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ശ്രീലങ്കയില്‍ പോകുന്ന പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്‌ഫോടനത്തിനു ശേഷം അത്യാവശ്യം ഇല്ലാത്തവര്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മൂന്ന് പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമാണ് ഈസ്റ്റര്‍ദിനത്തില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
കലാപ സാധ്യത പരിഗണിച്ച് ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുമുണ്ട്. ഇതിനുപിന്നാലെയാണ് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.