ഖത്തര്‍ ലോകകപ്പ് യോഗ്യത ; ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ വേദി തീരുമാനിച്ചു

2022ല്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്കായുള്ള വേദി തീരുമാനിച്ചു. ആദ്യത്തെ രണ്ട് ഹോം മത്സരങ്ങളുടെ വേദിയുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമാണ് ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ നടക്കുക. ഒമാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ നടക്കുന്ന മത്സരങ്ങളുടെ വേദിയാണ് തീരുമാനിച്ചിരിക്കുന്നത്. ഒമാനെതിരായ മത്സരം ഗുവാഹത്തിയിലും ബംഗ്ലാദേശിനെതിരായ മത്സരം കൊല്‍ക്കത്തയിലും നടക്കും.

ഇന്ത്യയുടെ ഗ്രൂപ്പില്‍ ഒമാന്‍ ,അഫ്ഗാനിസ്ഥാന്‍, ഖത്തര്‍,ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്. സെപ്റ്റംബര്‍ 5 മുതലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാകുക. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മാത്രമേ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാനവുകയുള്ളൂ. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍ എന്നിവര്‍ക്കെതിരെയുള്ള ഹോം മത്സരങ്ങള്‍ക്കുള്ള വേദികള്‍ പിന്നീട് തീരുമാനിക്കും.