കേബിള്‍ കാര്‍ അപകടം; തുര്‍ക്കിയില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പരിക്ക്

അങ്കാറ: തുര്‍ക്കിയില്‍ പരിശീലനത്തിനു പോയ ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കേബിള്‍ കാര്‍ അപകടത്തില്‍ പരിക്ക്. ബംഗളൂരു എഫ്.സിയുടെ മനീഷ് ചൗധരി, ഇന്ത്യന്‍ ആരോസിന്റെ രോഹിത് ധനു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും പരിശീലകന്‍ വിശ്രമം അനുവദിച്ചിരുന്നു. അവധി ദിവസം പാര്‍ക്കില്‍ ചെലവഴിക്കുമ്പോഴാണ് സംഭവം.

താമസിക്കുന്ന ഹോട്ടലിനോട് അനുബന്ധിച്ചുള്ള പാര്‍ക്കില്‍ വച്ചാണ് അപകടമുണ്ടായത്. കേബിള്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ പകുതിവച്ച് നിന്നുപോവുകയായിരുന്നു. തുടര്‍ന്ന് ഇരുവരും താഴേക്ക് ചാടി. ഇതുതന്നെയാണ് അപകടത്തിന് കാരണം.

മനീഷിന്റെ കാലിന് പൊട്ടലുണ്ട്. ധനുവിന് കാല്‍ മുട്ടിനാണ് പരിക്ക്. കഴിഞ്ഞ ദിവസം ഒമാനെതിരെ കളിച്ച മത്സരത്തില്‍ ഗോള്‍ നേടിയ താരമാണ് രോഹിത് ധനു. പരിക്ക് സാരമുള്ളതല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇരുവരും ഇന്ത്യയിലേക്ക് തിരിക്കും.

SHARE