ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; മുന്നറിയിപ്പുമായി ഐ.എം.എഫ്

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വെളിപ്പെടുത്തലുമായി ഐ.എം.എഫ്. പ്രതിസന്ധി മറികടക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം ആപത്തിലേക്കെത്തുമെന്നും ഐ.എം.എഫ് അഭിപ്രായപ്പെട്ടു. ഇതോടൊപ്പം രാജ്യത്ത് കടം വര്‍ധിച്ചുവെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ നിക്ഷേപവും വരുമാനവും ഉപഭോഗവും ഇടിഞ്ഞുവെന്ന് വാര്‍ഷിക അവലോകനത്തില്‍ ഐ.എം.എഫ് പറഞ്ഞു. ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യ അതിനെ മറികടക്കാന്‍ അടിയന്തരമായി നയങ്ങളില്‍ മാറ്റം വരുത്തണം. റിപ്പോ നിരക്ക് കുറച്ച് പ്രതിസന്ധിയെ നേരിടണമെന്നും അന്താരാഷ്ട്ര നാണയനിധി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമം ആര്‍.ബി.ഐ ആരംഭിച്ചിരുന്നെങ്കിലും വര്‍ധിച്ചുവരുന്ന നാണ്യപ്പെരുപ്പമായിരുന്നു പിന്നീടുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആര്‍.ബി.ഐ യെ പ്രേരിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ച് തവണ റിപ്പോ നിരക്ക് കുറച്ച റിസര്‍വ് ബാങ്ക് കഴിഞ്ഞ വായ്പ അവലോകന യോഗത്തില്‍ ഇതില്‍ നിന്ന് പിന്നോക്കം പോയിരുന്നു. നിലവില്‍ ജിഡിപിയുടെ 68.1 ശതമാനം ഇന്ത്യക്ക് കടമാണെന്നും ഐ.എം.എഫിന്റെ വിലയിരുത്തല്‍.

നോട്ടുനിരോധനം തന്നെയാണ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ച്ചക്ക് കാരണമെന്ന് മുന്‍പ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

SHARE