ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരില്‍ 42 ശതമാനവും യുവാക്കള്‍; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പുറത്ത്

രാജ്യത്തെ കോവിഡ് ബാധിതരില്‍ ഏറെയും യുവാക്കളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 42 ശതമാനം രോഗികള്‍ 21നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്ന് മന്ത്രാലയം അറിയിച്ചു. 30 ശതമാനം 41നും അറുപതിനുമിടയില്‍. 17 ശതമാനം 60 വയസിന് മുകളില്‍. ഒന്‍പത് ശതമാനം രോഗികള്‍ 20 വയസില്‍ താഴെയുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 525 പുതിയ കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,072 ആയി. ഇതില്‍ 2,784 പേര്‍ നിലവില്‍ ചികിത്സയിലാണ്. 213 പേര്‍ രോഗമുക്തി നേടി. 75 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 490 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേര്‍ മരിച്ചു. തമിഴ്‌നാടാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍. 485 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ശനിയാഴ്ച 11 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി.

SHARE