ഓട്ടോമൊബൈല്‍ മേഖല പ്രതിസന്ധിയില്‍; പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന സൂചനകള്‍ സജീവമാക്കി ഓട്ടോമൊബൈല്‍ മേഖല. വില്‍പന മന്ദഗതിയിലായതോടെ ഇരു ചക്ര വാഹനം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് വലിയ രീതിയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കുമെന്ന് സിയാം (സൊസൈറ്റി ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ്) അധ്യക്ഷന്‍ രാജന്‍ വദേര.
വാഹന ഉപഭോഗത്തിലെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുക 10 ലക്ഷത്തോളം വരുന്ന താല്‍ക്കാലിക, കരാര്‍ ജീവനക്കാരെയായിരിക്കുമെന്നും ഇതിന്റെ അലയൊലികള്‍ പല രൂപത്തില്‍ പ്രകടമാവുമെന്നും ഈ രംഗത്തെ വിദഗ്ധരും പറയുന്നു. വാങ്ങാനാളില്ലാതായതോടെ മാരുതി നിര്‍മാണം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗുഡ്ഗാവിലെ മനേസറിലുള്ള മാരുതി നിര്‍മാണ പ്ലാന്റില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. വാഹന നിര്‍മാണ മേഖലയിലുണ്ടായ മാന്ദ്യം കാരണം നിലവില്‍ 15,000 കരാര്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായി സിയാനം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെ വദേര പറഞ്ഞു.
രാജ്യത്തിന്റെ ജി.ഡി.പിയുടെ 50 ശതമാനത്തോളം വരുന്നതാണ് ഓട്ടോമോട്ടീവ് വ്യവസായം. 15 ശതമാനത്തോളം ജി.എസ്.ടി വരവും ഈ മേഖലയില്‍ നിന്നാണ്. ഇതിനു പുറമെ മൂന്ന് കോടി 70 ലക്ഷത്തോളം ജീവനക്കാര്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന മേഖല കൂടിയാണ് ഇത്. ഉയര്‍ന്ന ജി.എസ്.ടി, കാര്‍ഷിക പ്രതിസന്ധി, വേതന നഷ്ടം, പണ ലഭ്യതയിലെ കുറവ് തുടങ്ങി നിരവധി കാരണങ്ങളാണ് വാഹന വിപണിയെ സാരമായി ബാധിച്ചതെന്ന് വദേര കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഓട്ടോമൊബൈല്‍ മേഖലയിലെ ചില്ലറ വ്യാപാര മേഖലയില്‍ 200,000 തൊഴിലുകളാണ് സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നഷ്ടമായത്. വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലയില്‍ സമാനമായ തൊഴില്‍ നഷ്ടം പ്രതീക്ഷിക്കുന്നതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാഹനങ്ങള്‍ക്കുള്ള ജി.എസ്.ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചില്ലെങ്കില്‍ വ്യവസായം കനത്ത തിരിച്ചടി നേരിടുമെന്ന് വദേര മുന്നറിയിപ്പ് നല്‍കി.

SHARE