രാത്രിയില്‍ സൈനികര്‍ ഞങ്ങളുടെ കാറുകള്‍ കൊണ്ടുപോകും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീനഗര്‍ നിവാസികള്‍

രാത്രി സമയത്ത് സൈനിക ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ കാര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ആശങ്ക ഉയരുന്നു. ശ്രീനഗര്‍ ഷോപിയാനിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാത്രിയില്‍ വാഹനം സൈനിക ക്യാമ്പുകളിലെത്തിച്ച് രാവിലെ തിരിച്ചെടുക്കാന്‍ പറയും. എന്നാല്‍ എന്തിനാണ് കാര്‍ എടുത്ത് പോകുന്നതെന്ന് സൈനികര്‍ വ്യക്തമാക്കാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

‘ഒട്ടുമിക്ക ദിവസങ്ങളിലും ആര്‍മി ക്യാമ്പുകളില്‍ നിന്നും ഞങ്ങള്‍ക്ക് ഫോണ്‍കോള്‍ വരും. വാഹനം ക്യാമ്പിലെത്തിക്കണമെന്നാവും അവരുടെ ആവശ്യം. രാത്രി മുഴുവന്‍ കാര്‍ അവരുടെ പക്കലാവും. രാവിലെ ക്യാമ്പില്‍ പോയി കാര്‍ ഞങ്ങള്‍ തിരിച്ചെടുക്കും’
ഷോപിയാനില്‍ സ്വന്തമായി കാര്‍ ഉള്ളവരില്‍ പലര്‍ക്കും ആര്‍മി ക്യാമ്പുകളില്‍ നിന്നുള്ള സന്ദേശങ്ങളെത്താറുണ്ട്. വാഹനങ്ങള്‍ ക്യാമ്പിലെത്തിക്കണമെന്നാണ് വിളിക്കുന്നവരുടെ ആവശ്യം. രാത്രി ഉപയോഗത്തിനുശേഷം രാവിലെ കാര്‍ തിരിച്ചെടുക്കാനാവശ്യപ്പെടും. പ്രതിഫലമായി പണം നല്‍കാറില്ലെങ്കിലും ഇടയ്‌ക്കെങ്കിലും വാഹനങ്ങളില്‍ ഇന്ധനം നിറച്ചുകൊടുക്കും.

അതേസമയം കാര്‍ ക്യാമ്പിലെത്തിക്കാന്‍ ആരേയും നിര്‍ബന്ധിക്കാറില്ല എന്നായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആര്‍മി വക്താക്കള്‍ നല്‍കിയ പ്രതികരണം. എന്നാല്‍ പ്രദേശവാസികള്‍ ഇക്കാര്യം നിഷേധിച്ചു.സംഭവത്തെക്കുറിച്ച് പൊലീസും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

SHARE