ഫേസ്ബുക്ക്, പബ്ജി, ഡെയ്ലി ഹണ്ട് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി കരസേന. ഫേസ്ബുക്ക്, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യാനാണ് കരസേന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വിവരച്ചോര്‍ച്ച തടയാനാണ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതെന്ന് ആര്‍മി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ നിരോധിത ആപ്പുകളുടെ പട്ടികയില്‍ വാട്ട്‌സാപ്പ് ഇല്ല. എന്നാല്‍ നിര്‍ദ്ദേശങ്ങളില്‍ ഡേറ്റിങ് ആപ്പുകളായ ടിന്‍ഡര്‍, കോച്ച് സര്‍ഫിംഗ്, വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്ലി ഹണ്ട് പോലുള്ള ആപ്പുകളും നീക്കം ചെയ്യാന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യസുരക്ഷ കണക്കിലെടുത്ത് ദിവസങ്ങള്‍ മുന്‍പ് 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇന്ത്യ ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന സൈന്യത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്.