ഡെയ്‌ലി ഹണ്ട്, ഫെയ്‌സ്ബുക് ഉള്‍പെടെ 89 ആപ്പുകള്‍ക്ക് കരസേനയുടെ വിലക്ക്


ന്യൂഡല്‍ഹി: രാജ്യസുരക്ഷ കണക്കിലെടുത്ത് 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗത്തില്‍ നിന്നു കരസേനാംഗങ്ങളെ വിലക്കി സേനാ നേതൃത്വം. സൈറ്റുകളില്‍ സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ സേനാംഗങ്ങള്‍ ഉപേക്ഷിക്കണം. മൊബൈല്‍ ഫോണിലുള്ള ഇവയുടെ ആപ്ലിക്കേഷനുകളും ഈ മാസം 15ന് അകം നീക്കണം. ചൈനീസ് നിക്ഷേപമുള്ള ഡെയ്ലി ഹണ്ട് വാര്‍ത്താ ആപ്പും ടിക് ടോക് അടക്കം അടുത്തിടെ രാജ്യത്ത് നിരോധിച്ച 59 മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലുള്‍പ്പെടും.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ചോരുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. 13 ലക്ഷത്തോളം പേരാണു കരസേനയിലുള്ളത്. സേനാംഗമാണെന്നു തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാതെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതിയാണു റദ്ദാക്കുന്നത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു സേന അറിയിച്ചു.

ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ഓണ്‍ലൈന്‍ െഗയിമിങ് ആപ് ആയ പബ്ജി എന്നിവയ്ക്കും വിലക്ക് ബാധകമാണ്. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയും ചൈനീസ് സംഘങ്ങളും യുവതികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴി സേനാംഗങ്ങളെ പ്രലോഭിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നു സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.