ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രം ഉള്‍പെടെ 89 ആപ്പുകള്‍ ഒഴിവാക്കാന്‍ സൈനികരോട് ആവശ്യപ്പെട്ട് കരസേന


ന്യൂഡല്‍ഹി: ജനപ്രിയ ആപ്പുകളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, പബ്ജി, ട്രൂകോളര്‍ എന്നിവ ഉള്‍പ്പെടെ 89 ആപ്പുകളുടെ ഉപയോഗം ഒഴിവാക്കാന്‍ സൈനികരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് കരസേന. ജൂലായ് 15നുള്ളില്‍ മൊബൈലില്‍ നിന്ന് ഇവയിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാനാണ് കരസേനയുടെ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് പുതിയ തീരുമാനം. രഹസ്യ വിവരങ്ങള്‍ ആപ്പുകളിലൂടെ ചോരുന്നുവെന്നാണ് സൈന്യത്തിന്റെ കണ്ടെത്തല്‍. രാജ്യസുരക്ഷയും വ്യക്തി വിവരങ്ങളുടെ ചോര്‍ച്ചയും തടയാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ടിക്ക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് പുറമേ മറ്റ് നിരവധി ആപ്പുകളും കരസേന വിലക്കേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടുന്നു.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രം എന്നിവക്ക് പുറമേ സ്നാപ്പ്ചാറ്റ്, ബെയ്ഡു, എല്ലോ എന്നീ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ആപ്പുകളും പബ്ജി, നോനോ ലൈവ്, ക്ലാഷ് ഓഫ് കിങ്സ്, മൊബൈല്‍ ലെജന്റ്സ് എന്നീ ഗെയ്മിങ് ആപ്പുകളും വിലക്കേല്‍പ്പെടുത്തിയ പട്ടികയിലുണ്ട്. ടിന്റര്‍, ട്രൂലിമാഡ്ലി, ഹാപ്പന്‍, ടാഗ്ഡ് എന്നിവ ഉള്‍പ്പെടെ പതിനഞ്ച് ഡേറ്റിങ് ആപ്പുകളും ഡെയ്ലി ഹണ്ട്, ന്യൂസ് ഡോഗ് എന്നീ ന്യൂസ് ആപ്പുകളും വിലക്കി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വാട്സാപ്പിലൂടെ ഔദ്യോഗിക ആശയവിനിമയം നടത്തരുതെന്ന് കരസേന നിര്‍ദേശിച്ചിരുന്നു. നേരത്തെ ഫെയ്സ്ബുക്ക് ഉപയോഗത്തിന് നാവികസേനയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇത്രയധികം ആപ്പുകള്‍ക്ക് സേനയില്‍ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.

SHARE