ലോകകപ്പ് യോഗ്യത; ഇന്ത്യ നാളെ ഖത്തറിനെതിരെ

ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഞെരുക്കം മാറാന്‍ നാളെ ഇന്ത്യക്ക് ജയിക്കണം. എന്നാല്‍ എതിരാളികള്‍ സാക്ഷാല്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറാണ്. ദോഹയിലാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ മത്സരത്തിന് അണിനിരന്ന ടീമില്‍ നിന്ന് മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കോച്ച് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്ന മലയാളി താരം സഹലിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്.

പ്രതിരോധനിരയില്‍ അനസ് എടത്തൊടികയും നാളത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഖത്തര്‍ മികച്ച ഫോമിലാണ് . ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് ഗോളുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്. അല്‍മോയ്‌സ് അലിയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു ഖത്തറിന്റെ അനായാസ ജയം. നാളത്തെ മത്സരത്തില്‍ ഇന്ത്യക്ക് ഖത്തറിനെ സമനിലയില്‍ തളക്കാന്‍ സാധിച്ചാലും അതൊരു നേട്ടമായിരിക്കും.