റാണയുടെ തകര്‍പ്പന്‍ ഗോളില്‍ സാഫ് കപ്പില്‍ മുത്തമിട്ട് ഇന്ത്യ

അണ്ടര്‍ 18 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്. ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി വിക്രം പ്രതാപും രവി ബഹദൂര്‍ റാണയും ഗോളുകള്‍ നേടി. ബംഗ്ലാദേശിന് വേണ്ടി യേഷിനാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 22 ാം മിനിറ്റില്‍ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഇന്ത്യയുടെയും ബംഗ്ലാദേശിന്റെ ഓരോ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്നു.

40 ാം മിനിറ്റില്‍ വീണ്ടും മറ്റൊരു ചുവപ്പ് കാര്‍ഡുകൂടി കിട്ടിയതോടെ ബംഗ്ലാദേശ് 9 ആളുകളായി ചുരുങ്ങി. 91ാം മിനിറ്റിലെ റാണയുടെ മിന്നും ഗോളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.