ബംഗളൂരു: മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ്, രോഹിത് ശര്‍മയുടെ സെഞ്ചുറി, കോലിയുടെ ക്ലാസിക് ഇന്നിങ്സ്… ഒടുവില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഏകദിന പരമ്പരയുമെടുത്തു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ തോറ്റിരുന്നു. പിന്നീടുള്ള രണ്ടു മത്സരങ്ങളിലും വിജയിച്ചാണ് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് സ്റ്റീവന്‍ സ്മിത്തിന്റെ (131) സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടി. ഷമിയുടെ നാല് വിക്കറ്റ് നിര്‍ണായകമായി. സ്മിത്തിന് സെഞ്ചുറിയിലൂടെതന്നെ രോഹിത് ശര്‍മ (119) മറുപടി നല്കിയപ്പോള് ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (89), ശ്രേയസ് അയ്യര്‍ (44) എന്നിവരുടെ ഇന്നിങ്സും നിര്‍ണായക പങ്കുവഹിച്ചു.